പിഎം വിശ്വകര്‍മ പദ്ധതി; ഒരു വര്‍ഷത്തിനിടയില്‍ 2.58 കോടി അപേക്ഷകര്‍

ന്യൂദല്‍ഹി: ഒരു വര്‍ഷത്തിനിടയില്‍ പിഎം വിശ്വകര്‍മ്മ പദ്ധതിയില്‍ എത്തിയത് 2.58 കോടി അപേക്ഷകള്‍. 2023 സപ്തംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. പരമ്പരാഗത കരകൗശല മേഖലയെ പുനരുജ്ജീവിപ്പിക്കാനും കരകൗശല വിദഗ്ധരെ പിന്തുണയ്‌ക്കാനുമായാണ് പദ്ധതി.

പദ്ധതിയിലൂടെ പത്ത് ലക്ഷം കരകൗശല വിദഗ്ധര്‍ക്ക് ഉപകരണങ്ങള്‍ക്കായുള്ള സാമ്പത്തിക സഹായം ലഭ്യമാക്കിയതായി എംഎസ്എംഇ മന്ത്രാലയം അറിയിച്ചു. 15,000 രൂപ വരെയാണ് ഓരോ ഗുണഭോക്താവിനും ലഭിച്ചത്. 13,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചത്. മൂന്ന് ഘട്ടങ്ങളായുള്ള പരിശോധനയിലൂടെ 23 ലക്ഷം അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്തതായും അധികൃതര്‍ അറിയിച്ചു.

കര്‍ണാടകയില്‍ നിന്നാണ് അപേക്ഷകര്‍ കൂടുതല്‍. 5,19,346 അപേക്ഷകള്‍. രാജസ്ഥാന്‍ (2,01,395), മഹാരാഷ്‌ട്ര (2,00,278), ഗുജറാത്ത് (1,95,759), മധ്യപ്രദേശ് (1,76,936) തുടങ്ങിയ സംസ്ഥാനങ്ങളാണ് അപേക്ഷകരുടെ എണ്ണത്തില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം

കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്‌സി),അക്ഷയ  വഴി കരകൗശലത്തൊഴിലാളികള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡ്, ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്.

ആശാരിപ്പണി, വള്ളം നിര്‍മാണം, കവചനിര്‍മാണം, കൊല്ലപ്പണി, ചുറ്റികയും പണിയായുധങ്ങളും നിര്‍മാണം, താഴ് നിര്‍മാണം. സ്വര്‍ണപ്പണി, മണ്‍പാത്ര നിര്‍മാണം, ശില്‍പികള്‍, കല്ലുകൊത്തുപണിക്കാര്‍, ചെരുപ്പുപണിക്കാര്‍, കല്ലാശാരി, കൊട്ട/പായ/ചൂല് നിര്‍മാണം/കയര്‍ നെയ്‌ത്ത്, പാവ-കളിപ്പാട്ട നിര്‍മാണം, ബാര്‍ബര്‍, മാല നിര്‍മിക്കുന്നവര്‍, അലക്കുകാര്‍, തയ്യല്‍ക്കാര്‍, മത്സ്യബന്ധന വല നിര്‍മിക്കുന്നവര്‍ തുടങ്ങി 18 പരമ്പരാഗത കൈത്തൊഴില്‍ മേഖലകള്‍ പദ്ധതിയുടെ കീഴില്‍വരും.

അര്‍ഹരായവര്‍ക്ക് ഇളവോടെ അഞ്ചുശതമാനം പലിശനിരക്കില്‍ മൂന്നുലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭിക്കും. പിഎം വിശ്വകര്‍മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉള്‍പ്പെടുന്ന നൈപുണ്യ നവീകരണം, 10,000 രൂപയുടെ ടൂള്‍കിറ്റ് എന്നിവയും ലഭ്യമാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!