നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം :എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷ പി.പി,​ ദിവ്യക്കെതിരെ ഗുരുതര പരാമർശങ്ങൾ. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചല്ലെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രഅയപ്പിലെ അധിക്ഷേപ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ല എന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ കളക്ടർ മൊഴി നൽകിയിരുന്നു,​ കളക്ടർ അടക്കം 17 പേരിൽ നിന്നാണ് മൊഴി എടുത്തത്. കൈക്കൂലി വാങ്ങി എന്നതിന് ആരും ഒരു തെളിവും നൽകിയില്ല. കൈക്കൂലി വാങ്ങി എന്നതിന് മൊഴിയും ഇല്ല. പമ്പിന് എൻ.ഒ.സി നൽകിയതിൽ എ.ഡി.എം പ്രവർത്തിച്ചത് നിയമപരമായി മാത്രമാണ്. വൈകിപ്പിച്ചില്ല എന്നു മാത്രമല്ല,​ അപേക്ഷകനെ സഹായിക്കാനും ശ്രമിച്ചു. പൊലീസ് റിപ്പോർട്ട് എതിരായിട്ടും എ.ഡി.എം ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട് തേടിയതായും റിപ്പോർട്ടിൽ പറയുന്നു.അതേസമയം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് കോടതി ഈ മാസം 29 ലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തലശേരി പ്രിൻസിപ്പൽ‌ സെഷൻസ് കോടതിയിൽ ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വാദം തുടങ്ങിയത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശക്തമായ വാദ പ്രതിവാദങ്ങളാണ് നടത്തിയത്.പി പി ദിവ്യ വ്യക്തിഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആരോപിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്തരമൊരു കാര്യം ചെയ്തതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് ദിവ്യയെന്നും നവീനെതിരെ രണ്ട് പരാതികൾ ലഭിച്ചിരുന്നെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. നവീന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടർ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് വന്നത്. വരുമെന്ന് ഫോണിൽ കളക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!