വയനാട്: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പിലെ കന്നിയങ്കം കെങ്കേമമാക്കി കോൺഗ്രസ്. പത്രികാ സമർപ്പണത്തിന് മുന്നോടിയായി കളക്ട്രേറ്റിലേക്കുള്ള റോഡ് ഷോ തുടങ്ങി.പ്രിയങ്കാ ഗാന്ധിക്കൊപ്പം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, അമേഠിയിലെ എംപി കിഷോരി ലാല്‍ ശര്‍മ, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും തുറന്ന വാഹനത്തിലുണ്ട്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരും പത്രികാസമർപ്പണത്തിന് എത്തിയിട്ടുണ്ട്.റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് വയനാട്ടിലേക്ക് എത്തിയിട്ടുള്ളത്. പത്ത് ദിവസം നീളുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ തന്നെ തുടരും.11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു.കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷര്‍ട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാര്‍ഡുകളേന്തിയും അണിനിരന്ന ആയിരങ്ങള്‍ക്കൊപ്പം ത്രിവര്‍ണ ബലൂണുകളുടെ ചാരുതയും നിറം പകര്‍ന്നു. ഗോത്രവര്‍ഗ യുവാക്കള്‍ അണിനിരക്കുന്ന ‘ഇതിഹാസ’ ബാന്‍ഡ് വാദ്യ സംഘം ഉള്‍പ്പെടെ ഒരുങ്ങി നില്‍ക്കുകയാണ്. പത്തരയോടെ ജനം റാലിയായി പതിയെ ഒഴുകി നീങ്ങാന്‍ തുടങ്ങി. 12 മണിക്ക് വേദിയിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ആള്‍കൂട്ടത്തിന്റെ ബാഹുല്യത്താല്‍ വാഹനം വളരെ പതുക്കെയാണ് നീങ്ങുന്നത്