തദ്ദേശവാര്‍ഡ് വിഭജനം : കരട് റിപ്പോര്‍ട്ട് നവംബര്‍ 16ന്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പകുതിയോളം വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം ഇതിനകം തയ്യാറാക്കി കഴിഞ്ഞതായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു.പുനര്‍വിഭജനപ്രക്രിയയ്‌ക്കായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിക്കാന്‍ യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ വാര്‍ഡ് വിഭജനത്തിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 ആണ്.ജില്ലാ കളക്ടര്‍മാര്‍ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് നവംബര്‍ അഞ്ചിനകം സമര്‍പ്പിക്കേണ്ടതുണ്ട്. നവംബര്‍ 16 ന് കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് കമ്മീഷന്‍ പ്രസിദ്ധീകരിക്കും.നിലവിലുള്ള വാര്‍ഡുകള്‍ 2001 ലെ സെന്‍സസ് ജനസംഖ്യ പ്രകാരം നിര്‍ണയിച്ചിട്ടുള്ളവയാണ്. 2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം 2024 ല്‍ പുതുക്കി നിശ്ചയിച്ചിട്ടുള്ളതിനാല്‍ ജില്ലകളില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും വാര്‍ഡുകള്‍ പുനര്‍വിഭജിക്കേണ്ടത് അനിവാര്യമാണ്.സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളുടെയും, 87 മുനിസിപ്പാലിറ്റികളിലെ 3241 വാര്‍ഡുകളുടെയും, ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളുടെയും പുനര്‍വിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തില്‍ നടന്നു വരുന്നത്.വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുന്നത്. തിരഞ്ഞെടുപ്പ് ആവശ്യത്തിന് പുറമെ സര്‍ക്കാരിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും വിവിധ ഏജനസികള്‍ക്കും വികസന ആവശ്യങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ ഭൂപടം ഉപയോഗിക്കാനാകും.ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ എ.ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ അംഗം കൂടിയായ ഐടി, പരിസ്ഥിതി വകുപ്പ് സെക്രട്ടറി ഡോ.രത്തന്‍.യു.ഖേല്‍ക്കര്‍, കമ്മീഷന്‍ സെക്രട്ടറി എസ്.ജോസ്‌നമോള്‍ , ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!