പത്തനംതിട്ട: തീർഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നടപ്പന്തലിലും പുറത്തുമായി ക്യൂവിൽ ആയിരങ്ങളാണ് കാത്ത് നിൽക്കുന്നത്. ശരംകുത്തി വരെ നീളുന്ന ക്യൂവാണുള്ളത്. 52,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത്. 21 വരെയാണ് തുലാമാസ പൂജ. ശബരിമല ദർശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയര്‍ ആൻഡ് റസ്ക്യൂ, ലീഗല്‍ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ – പൊതുവിതരണം, ഇറിഗേഷന്‍, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, ബിഎസ്‌എന്‍എല്‍, വാട്ടര്‍ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.