നൂറ് ദിന നേട്ടങ്ങള്‍ പങ്കുവെച്ച് ആയുഷ് മന്ത്രാലയം

തിരുവനന്തപുരം : 2024 ഒക്‌ടോബര്‍ 10കേന്ദ്ര
ഗവണ്‍മെന്റിന്റെ നൂറു ദിനത്തില്‍ പരമ്പരാഗത വൈദ്യശാസ്ത്ര രംഗത്ത് നിരവധി
നേട്ടങ്ങള്‍ കൈവരിച്ചതായി ചെറുതുരുത്തിയിലെ നാഷണല്‍ ആയുര്‍വേദ റിസര്‍ച്ച്
ഇന്‍ പഞ്ചകര്‍മ്മ ഡയറക്ടര്‍ ഡോ. ഡി സുധാകര്‍. ആയുഷ് മന്ത്രാലയത്തിന്റെ നൂറു
ദിന നേട്ടങ്ങള്‍ പങ്കു വെക്കാനായി കേരളത്തിലെ സെന്‍ട്രല്‍ കൗണ്‍സില്‍
ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദ സയന്‍സസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന
വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സംയുക്തമായി തിരുവനന്തപുരം
പ്രസ്‌ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള
ആരോഗ്യ സംരക്ഷണവുമായി സംയോജിപ്പിക്കുന്നതിനും പരമ്പരാഗത വൈദ്യശാസ്ത്രം
പ്രോത്സാഹിപ്പിക്കുന്നതിനും, ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്രം
മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഈ കാലയളവില്‍ സുപ്രധാന ധാരണാ പത്രങ്ങള്‍
ഒപ്പുവച്ചതായി ഡോ. ഡി സുധാകര്‍ പറഞ്ഞു.  ലോകാരോഗ്യ സംഘടനയുമായി ദാതാക്കളുടെ
കരാര്‍, വിയറ്റ്‌നാമുമായി ഔഷധ സസ്യങ്ങള്‍ സംബന്ധിച്ച ധാരണാപത്രം,
മലേഷ്യയുമായി ആയുര്‍വേദ ധാരണാപത്രം എന്നിവയാണ് ഈ കാലയളവില്‍ ആയുഷ്
മന്ത്രാലയം ഒപ്പുവെച്ചത്.ആയുര്‍വേദ
മേഖലയിലെ ഔഷധ ഗുണമേന്മ മെച്ചപ്പെടുത്തുക,  ഹെര്‍ബല്‍ ഔഷധങ്ങളുടെ നിലവാരം,
സുരക്ഷ, ആഗോള വിന്യാസം എന്നിവ മെച്ചപ്പെടുത്തുക എന്നിവയ്ക്കായി  പ്രത്യേക
മാനദണ്ഡപ്രകാരമുളള സംരംഭത്തിന് ഈ കാലയളവില്‍ തുടക്കം കുറിച്ചു. ആയുഷ്
മരുന്നുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി താലൂക്ക് തലത്തില്‍
പ്രത്യേക സ്‌റ്റോറുകള്‍ തുറക്കാന്‍ തീരുമാനമായി. ഗുണനിലവാരമുള്ള ആരോഗ്യ
സേവനങ്ങള്‍ക്കായി 1489 ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകളില്‍ 1005 എണ്ണം  ആയുഷ്
എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന് കീഴില്‍ സാക്ഷ്യപ്പെടുത്തി.  ഇതില്‍ 150
എണ്ണം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത
ആരോഗ്യ സംരക്ഷണത്തിനായി ‘ഭാരത് കാ പ്രകൃതി പരീക്ഷ’ എന്ന ചുവടു
വെപ്പിനൊപ്പം എല്ലാ വീട്ടിലും ആയുര്‍ യോഗ് കാമ്പെയിനും തുടക്കമിട്ടു.
വയോജനങ്ങള്‍ക്കായുള്ള ആയുഷ് ക്യാമ്പുകളുടെ ഭാഗമായി ആയുഷ് മന്ത്രാലയത്തിന്റെ
നിര്‍ദേശപ്രകാരം ദേശീയ ആയുഷ് മിഷന്‍ കേരളത്തില്‍ 2,408 ആയുഷ് ജെറിയാട്രിക്
ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഐ ഐ എസ് സി, ബാംഗ്ലൂര്‍, ഐ ഐ ടി ഡല്‍ഹി,
ടിഎംസി മുംബൈ, ജെഎന്‍യു ന്യൂഡല്‍ഹി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളുമായി
സഹകരിച്ച്  പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ നൂതന ഗവേഷണത്തിനും ആരോഗ്യ സംരക്ഷണ
നവീകരണത്തിനുമായി ആറ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചതായും ഡോ. സുധാകര്‍ പറഞ്ഞു. നിലവില്‍
25 ഗവേഷണ പദ്ധതികള്‍ക്കായി 3.12 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. സംയുക്ത
സംരംഭങ്ങള്‍ക്കായി 4.32 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി
സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരം, ഐസിഎംആര്‍ ജബല്‍പൂര്‍,
ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ന്യൂഡല്‍ഹി, ഇന്റര്‍നാഷനല്‍ സെന്റര്‍
ഫോര്‍ ജെനിറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയയോടെക്‌നോളജി എന്നിവയുമായി
ചേര്‍ന്നാണ് ഗവേഷണ പദ്ധതികള്‍. പൊതുജന ആരോഗ്യ പദ്ധതികളുടെ ഭാഗമായി 120
മൊബൈല്‍ ആരോഗ്യ സുരക്ഷാ ക്യാംപുകള്‍ സംഘടിപ്പിച്ചു. 75 ലക്ഷം രൂപ ഇതിനായി
അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം
റീജിയണല്‍ ആയുര്‍വേദ റിസര്‍ച്ച്  ഇന്‍സ്റ്റിറ്റ്യുട്ടിലെ ഡോ. ശ്രീ ദീപ്തി
ജി എന്‍, ഡോ. പ്രവീണ്‍ ബാലകൃഷ്ണന്‍, ചെറുതുരുത്തിയിലെ നാഷണല്‍ ആയുര്‍വേദ
റിസര്‍ച്ച് ഇന്‍ പഞ്ചകര്‍മ്മയിലെ ഡോ. പ്രദീപ് കുമാര്‍ പി പി തുടങ്ങിയവര്‍
വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.

error: Content is protected !!