അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍: നേവി സംഘം ഷിരൂരില്‍, മേജര്‍ ഇന്ദ്രബാലനും ദൗത്യമേഖലയിലേക്ക്

അങ്കോല : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് നാവികസേന രം​ഗത്ത്. മൂന്നം​ഗ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ സേനാ അം​ഗങ്ങൾ സ്ഥലത്തെത്തുമെന്ന് റിപ്പോർട്ടുണ്ട്.

ലോഹസാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. നാല് പോയന്റുകളിലാണ് പ്രത്യേകമായി പരിശോധന നടത്തുന്നത്. സി​ഗ്നൽ ലഭിക്കുകയാണെങ്കിൽ നേവിയുടെ ഡൈവർമാർ പ്രദേശത്തെത്താനാണ് സാധ്യത. ​ഡ്രെഡ്ജിങ് സംവിധാനം ഉപയോ​ഗിച്ച് മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോ​ഗമിക്കുന്നുണ്ട്.റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ ഉച്ചയോടെ സ്ഥലത്തെത്തും.

ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്‌നം.

പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാര്‍ വഹിക്കും.

error: Content is protected !!