തിരുവനന്തപുരം : ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. രണ്ടു ചക്രവാത ചുഴികൾ രൂപപ്പെട്ടതിനാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിൽക്കുന്നുണ്ട്. തുടർന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലർട് പ്രഖ്യാപിച്ചത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ കേഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ അടുത്ത ഒരാഴ്ച തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേരളത്തിൽപ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.