പാറത്തോട്: ഒരു കർഷകനും പ്രകൃതിയ്ക്കെതിരല്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പാറത്തോട് പഞ്ചായത്തിൽ നടപ്പാക്കിയ ചെറുമല- പാലക്കത്തടം നീർത്തട പദ്ധതിയുടെ ആസ്തി കൈമാറ്റച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.ഈ നാട്ടിലെ ഒരു കർഷകനും മണ്ണിനെയോ മലകളെയോ വനങ്ങളെയോ തകർത്തിട്ടില്ല. കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്. കർഷകന്റെ സംരക്ഷണമെന്നത് സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണ്. അന്തസാർന്ന ജീവിതം നയിക്കാൻ കഴിഞ്ഞാലേ കർഷകർ ഈ മേഖലയിൽ പിടിച്ച് നിൽക്കൂവെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പഴവർഗകൃഷിയ്ക്കായി ഒരു ക്ലസ്റ്റർ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡിന്റെ ധനസഹായത്തോടെ പാറത്തോട് പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്പത്, 13, 14, 15 വാർഡുകളിലും മുണ്ടക്കയം പഞ്ചായത്തിലെ 17ാം വാർഡിന്റെ ഏതാനും ഭാഗങ്ങളിലുമായി 542 ഹെക്ടർ സ്ഥലത്താണ് ചെറുമല – പാലയ്ക്കാത്തടം നീർത്തട പദ്ധതി പൂർത്തീകരിച്ചത്.145.87 ലക്ഷം രൂപയുടെ ആസ്തി നിർമാണത്തിനൊപ്പം തദ്ദേശീയർക്കായി തൊഴിൽദിനങ്ങളും സൃഷ്ടിച്ചു. ഇനി ആസ്തിയുടെ സംരക്ഷണം പഞ്ചായത്തിനാണ്.