നൈപുണ്യവികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നു

കോട്ടയം: ഹയർ സെക്കൻഡറിതലം വരെയുള്ള വിദ്യാർത്ഥികൾക്ക് അഭിരുചിക്കും വൈദഗ്ധ്യത്തിനും അനുഗുണമായ തൊഴിൽമേഖലകൾ തെരഞ്ഞെടുക്കാൻ ലക്ഷ്യമിട്ടു ജില്ലയിലെ 15 പൊതുവിദ്യാലയങ്ങളിൽ സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായി നൈപുണ്യവികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ആധുനിക ലോകത്തെ തൊഴിൽ സാധ്യതാഅറിവും നൈപുണിയും  പതിനഞ്ചിനും  23 വയസിനും ഇടയിൽ പ്രായമുള്ളവർക്കു നൽകുക എന്നതാണ് ലക്ഷ്യം.പുതുതലമുറ കോഴ്സുകളായ എ.ഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ, ഇലക്ട്രിക്ക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ, ഹൈഡ്രോപോണിക്സ് ടെക്നീഷ്യൻ, ഗ്രാഫിക് ഡിസൈനർ, ഫിറ്റ്‌നസ് ട്രെയിനർ, വെയർ ഹൗസ് അസോസിയേറ്റ്, മൊബൈൽ ഫോൺ ഹാർഡ്‌വേർ റിപ്പയർ ടെക്‌നീഷ്യൻ, അസിസ്റ്റന്റ് റോബോട്ടിക് ടെക്‌നീഷ്യൻ, ജി.എസ്.ടി അസിസ്റ്റന്റ്, ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ, ഫുഡ് ആൻഡ്  ബിവറേജ് സർവീസ് അസോസിയേറ്റ്, ടെലികോം ടെക്‌നീഷ്യൻ എന്നീ കോഴ്സുകൾ സൗജന്യമായി പഠിക്കാം. 25 കുട്ടികൾ ഉള്ള 2 ബാച്ചുകൾ ആണ് ഓരോ കേന്ദ്രത്തിലും. കോഴ്‌സ് കാലാവധി പരമാവധി ഒരു വർഷം. സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.ജില്ലാതല നൈപുണ്യവികസനകേന്ദ്ര കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി.എം. വിജി, പൊതുവിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി അനിൽകുമാർ, കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസ് ജില്ലാ ഓഫീസർ നോബിൾ എം ജോർജ്ജ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ. പ്രസാദ് കെ.ജെ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ബിനു ഏബ്രഹാം, ഡോ  എസ്. അനിത എന്നിവർ പങ്കെടുത്തു.(കെ.ഐ.ഒ.പി.ആർ 1994/2024)

error: Content is protected !!