തിരുവനന്തപുരം : സൈനിക് സ്കൂള്‍ സൊസൈറ്റി(എസ്.എസ്.എസ്)യുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ (ഇംഗ്ലീഷ് മീഡിയം), 2026-27-ലെ ആറാംക്ലാസ്, ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) അപേക്ഷ ക്ഷണിച്ചു. റെസിഡന്‍ഷ്യല്‍ രീതിയിലാണ് സൈനിക് സ്കൂളുകളുടെ പ്രവര്‍ത്തനം. പ്രതിരോധമന്ത്രാലയത്തിനുകീഴിലുള്ള സ്വയംഭരണസംവിധാനമാണ് എസ്എസ്.എസ്.നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ ഡിഎ-ഖടക് വാസല-പുണെ). ഇന്ത്യന്‍ നേവല്‍ അക്കാദമി (ഏഴിമല-കണ്ണൂര്‍), മറ്റു പരിശീലന അക്കാദമികള്‍ എന്നിവയിലെ ഓഫീസര്‍ എന്‍ട്രികള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന സി.ബി.എസ്.ഇ അഫിലിയേഷന് ഉള്ളവയാണ് സൈനിക് സ്കൂളുകള്‍. തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂള്‍ (www.sainikschooltvm.edu.in) ഈ വിഭാഗത്തില്‍പ്പെടുന്നു.
എന്‍ജിഒകള്‍ പ്രൈവറ്റ് സ്കൂളുകള്‍/സംസ്ഥാനസര്‍ക്കാരുകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പുതിയ സൈനിക് സ്കൂളുകള്‍ക്ക് (ന്യൂ സൈനിക് സ്കൂള്‍സ്-എന്‍എസ്എ സ്) പ്രതിരോധമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇവയും സൈനിക് സ്കൂള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കും. 2026-27-ല്‍ ഈ വിഭാഗത്തിലെ 69 സ്കൂളുകളില്‍ ആറാംക്ലാസിലേക്കും 19 സ്കൂളുകളില്‍ ഒന്പതാംക്ലാസിലേക്കും പ്രവേശനം നടത്തും. ഇവ സിബിഎസ്ഇ/സ്റ്റേറ്റ് ബോര്‍ഡ് പാഠ്യപദ്ധതിയില്‍ റെസിഡന്‍ഷ്യല്‍/ഡേ ബോര്‍ഡിങ്/ഡേ സ്കൂള്‍ നീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്.
കേരളത്തില വേദവ്യാസ വിദ്യാലയ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ (മലാപ്പറമ്പ്-കോഴിക്കോട്), വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂള്‍ (മാവേലിക്കര-ആലപ്പുഴ), ശ്രീ ശാരദ വിദ്യാലയ (കാലടി-എറണാകുളം), ഡോ. രാജു ഡേവിസ് ഇന്റര്‍നാഷണല്‍സ്കൂള്‍ (മാള-തൃശ്ശൂര്‍), മന്നം മെ മ്മോറിയല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (നീറമണ്‍കര-തിരുവനന്തപുരം) എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.
പ്രവേശനരീതി
എന്‍.ടി.എ നടത്തുന്ന മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള ഓള് ഇന്ത്യ സൈനിക് സ്കൂള്‍സ് എന്‍ട്രന്‍സ് എക്സാമിനേഷന് (എഐഎസ്എ സ്ഇ) 2026 വഴിയാണ് പ്രവേശനം. പരീക്ഷ പെന്‍/പേപ്പര്‍ (ഒഎംആര്‍ ഷീറ്റ് അടിസ്ഥാനമാക്കി) രീതിയില്‍ ആയിരിക്കും. ക്ലാസ് ആറ് പരീക്ഷ ഉച്ചയ്ക്ക് രണ്ടുമുതല്‍ 4.30 വരെയും ക്ലാസ് ഒന്‍പത് പരീക്ഷ ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെയും. പരീക്ഷ ജനുവരിയില്‍ നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കും.
പരീക്ഷയുടെ ഘടന
- ക്ലാസ് ആറ്: നാലുവിഭാഗങ്ങളിലായി 125 ചോദ്യങ്ങളുണ്ടാകും- ലാംഗ്വേജ് (25 ചോദ്യങ്ങള്‍), മാത്തമാറ്റിക്സ് (50) ഇന്റലിജന്‍സ് (25), ജനറല്‍ നോളജ് (25) മലയാളം, ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യക്കടലാസ് ലഭിക്കും. ചോദ്യങ്ങള്‍ ഏതുഭാഷയില്‍ വേണമെന്ന് അപേക്ഷ നല്കുമ്പോള് തിരഞ്ഞെടുക്കണം.
- ക്ലാസ് ഒന്‍പത്: അഞ്ചുവിഭാഗങ്ങളിലായി 150 ചോദ്യങ്ങള്‍ മാത്തമാറ്റിക്സ്, ഇന്റലിജന്‍സ്, ഇംഗ്ലീഷ്, ജനറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് (മാത്തമാറ്റിക്സ്- 50 ചോദ്യങ്ങള്‍, മറ്റു വിഷയങ്ങള്‍- 25 വീതം). ഇംഗ്ലീഷില്‍ മാത്രമായിരിക്കുംചോദ്യങ്ങള്. പരീക്ഷകള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് രീതി ഇല്ല.
- ആദ്യവിഭാഗം 33 സൈനിക് സ്കൂളുകളില്‍ പ്രവേശനത്തിന് യോഗ്യത നേടാന്‍ പരീക്ഷയില്‍ ഓരോ വിഷയത്തിലും/ സെക്ഷനിലും 25-ഉം മൊത്തത്തില്‍ 40-ഉം ശതമാനം മാര്‍ക്ക് നേടണം. പട്ടികവിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല.
- പുതിയ സൈനിക് സ്കൂള്‍ പ്രവേശനത്തിന് പട്ടികവിഭാഗക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍, ഓരോ വിഷയത്തിലും/സെക്ഷനിലും 25-ഉം മൊത്തത്തില്‍ 40-ഉം ശതമാനം മാര്‍ക്ക് നേടണം.
- യോഗ്യത
- ആറാം/ ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ക്ലാസ് ആറ് പ്രവേശനത്തിന് പ്രായം 2026 മാര്‍ച്ച് 31-ന് 10-നും 12-നുമിടയ്ക്കായിരിക്കണം (ജനനം 2014 ഏപ്രില്‍ ഒന്നിനും 2016 മാര്‍ ച്ച് 31-നുമിടയ്ക്ക്-രണ്ടുദിവസങ്ങളും ഉള്‍പ്പെടെ).ഒന്‍പതാംക്ലാസ് പ്രവേശനം തേടുന്നവര്‍ പ്രവേശനസമയത്ത് അംഗീകൃത സ്കൂളില്‍നിന്ന് എട്ടാം ക്ലാസ് ജയിച്ചിരിക്കണം. പ്രായം 2026 മാര്‍ച്ച് 31-ന് 13-നും 15-നുമിടയ്ക്കായിരിക്കണം. (ജനനം 2011 ഏപ്രില്‍ ഒന്നിനും 2013 മാര്‍ച്ച് 31-നുമിടയ്ക്ക്-രണ്ടു ദിവസങ്ങളും ഉള്‍പ്പെടെ).
- അപേക്ഷ
- exams.nta.nic.in/sainik-school-society/ഒക്ടോബര്‍ 30-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. എല്ലാ സ്കൂളുകള്‍ക്കുംകൂടി പൊതുവായ ഒരപേക്ഷ നല്കിയാല് മതി. അപേക്ഷാഫീസ് 850 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് 700 രൂപ. 31 രാത്രി 11.50 വരെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്ക്കാം.
- കേരളത്തിലെ ന്യൂ സൈനിക് സ്കൂള്‍ സീറ്റ് ലഭ്യത ക്ലാസ് ആറ്: വേദവ്യാസ- 40, വിദ്യാധിരാജ, ശ്രീ ശാരദ, ഡോ. രാജു ഡേവിസ് ഇന്റര്‍ നാഷണല്‍ – 80 വീതം, മന്നം മെമ്മോറിയല്‍- 50 (എല്ലാം ജെന്‍ഡര്‍ ന്യൂട്രല്‍ സീറ്റുകള്‍); ക്ലാസ് ഒന് പത്: വേദവ്യാസ- 16. എല്ലാ സീറ്റുകളും ജെന്‍ഡര്‍ ന്യൂട്രല്‍ സീറ്റുകളാണ്.
- റാങ്ക്, ഇ-കൗണ്‍സലിങ്, മെഡിക്കല്‍ ഫിറ്റ്നസ്, അസല്‍ രേഖകളുടെ പരിശോധന എന്നിവ പരിഗണിച്ചാണ് പ്രവേശനം.