ഇന്ത്യ പ്രസ് ക്ലബ് മാധ്യമ സമ്മേളനം വിളിപ്പാടകലെ; അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. (റാന്നി) പങ്കെടുക്കും

ന്യൂ യോർക്ക് :

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര കോൺഫറൻസിൽ റാന്നി എം .എൽ.എ പ്രമോദ് നാരായൺ കേരള രാഷ്ട്രീയ രംഗത്തിന്റെ   പ്രതിനിധിയായി പങ്കെടുക്കും. പാലക്കാട്  എം പി. വി.കെ ശ്രീകണ്ഠനാണ് മറ്റൊരു പ്രതിനിധി.  ഒക്ടോബോര്‍ 9, 10, 11 തീയ്യതികളില്‍ ന്യൂജേഴ്‌സി-എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടൽ സമുച്ചയത്തിൽ വെച്ചാണ് മാധ്യമ സമ്മേളനം നടക്കുന്നത്.

മികച്ച വാഗ്മിയും എഴുത്തുകാരനുമാണ് അഭിഭാഷകനായ  പ്രമോദ് നാരായണൻ. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക   മാറ്റങ്ങളെപ്പറ്റി  ആധികാരികമായി സംസാരിക്കുന്ന അദ്ദേഹം മാധ്യമങ്ങൾക്ക് ഈ  കാര്യങ്ങളിലുള്ള പങ്കാളിത്തവും എടുത്തുകാട്ടും.

2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ റിങ്കു ചെറിയാനെ 1,285 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്  അദ്ദേഹം നിയമസഭയിലെത്തിയത്.

കേരള കോൺഗ്രസ് (എം) ന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുന്നു.  അദ്ദേഹത്തിന്റെ മുത്തച്ഛൻ പി. കെ. ബാലകൃഷ്ണപിള്ള  സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല അംഗവുമായിരുന്നു.

പ്രമോദ് നാരായൺ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗമായാണ്. കേരള യൂണിവേഴ്സിറ്റിയുടെ യൂണിയൻ ജനറൽ സെക്രട്ടറിയും സെനറ്റ് അംഗവുമായിരുന്നു . ഇന്റർ സ്കൂൾ കൗൺസിലിന്റെ ആദ്യ സംസ്ഥാന ചെയർമാനുമായിരുന്നു.

ഭരണിക്കാവ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു പ്രമോദ് നാരായൺ.  അദ്ദേഹത്തിന്റെ സാന്നിധ്യം പ്രസ് ക്ലബ് സമ്മേളനത്തിലെ ചർച്ചകൾക്ക് എരിവും പുളിയും പകരുമെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!