കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4800 ചതുരശ്ര അടി വിസ്തൃതിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു.
കേരളത്തിന്റെ മുൻ മുഖമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സ്മാരകമായി വി.എസ്. കൺവൻഷൻ സെന്റർ എന്ന നാമധേയത്തിലാണ് സെന്റർ നിർമ്മിക്കുന്നത്. കേരളത്തിലെ തദ്ദേശസ്വയംഭരണ വകുപ്പ് നിർമ്മിക്കുന്ന ആദ്യത്തെ കെട്ടിട സമുച്ചയം എന്ന പ്രത്യേകതയും കെട്ടിടത്തിനുണ്ട്. ഗ്രാമപഞ്ചായത്ത് വാങ്ങിയ 22 സെന്റ് സ്ഥലത്താണ് സെന്റർ ഉയരുന്നത്.ഗ്രാമപഞ്ചായത്ത് വികസന ഫണ്ട്, തനത് ഫണ്ട്, വാർഡിൽ വികസനത്തിന് ലഭിച്ച തുക എന്നിവ ഉപയോഗപ്പെടുത്തിയാണ് നിർമാണം.പൂർത്തിയാക്കുന്നത്…. …

വസ്ത്ര നിർമ്മാണത്തിൽ പുതിയ മുന്നേറ്റം കുറിക്കുന്ന ജില്ലയിലെ രണ്ടാമത്തെ അപ്പാരൽ പാർക്കാണ് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിക്കുന്ന കെ-വൈബ്സ് കുടുംബശ്രീ അപ്പാരൽ പാർക്ക്.കേരള ബാങ്കിന്റെ സഹായത്തോടെ 10 ലക്ഷം രൂപ ലോണും ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ മിഷൻ ഗ്രാന്റ്, സബ്സിഡിയും ഉപയോഗിച്ച് 25 തയ്യൽ മെഷീനുകൾ, എംബ്രോയിഡറി മെഷീൻ, ഓവർലോക്ക് മെഷീൻ, കട്ടിംഗ് മെഷീൻ, അയണിംഗ് മെഷീനുകൾ, ഫർണിച്ചർ എന്നിവ വാങ്ങി അപ്പാരൽ പാർക്ക് ആരംഭിക്കുന്നത്
.കുടുംബശ്രീ മിഷനിൽ രജിസ്റ്റർ ചെയ്ത
അപ്പാരൽ പാർക്ക് പ്രവർത്തനക്ഷമമാകുന്നതോടെ കുടുംബശ്രീ അംഗങ്ങാളായ 35 വനിതകൾക്ക് സ്ഥിര വരുമാനം ലഭ്യമാകും. നൈറ്റികൾ, ഷർട്ടുകൾ, ചുരിദാർ, ടോപ്പുകൾ, ബാഗുകൾ, പരിസ്ഥിതി സൗഹൃദ തുണിസഞ്ചികൾ എന്നിവ നിർമ്മിക്കാൻ സൗകര്യം ഒരുക്കുന്നതിനായി കുടുംബശ്രീ മിഷൻ,സ സിംഗർ മെഷീൻ കമ്പനി എന്നിവർ തയ്യൽ പരിശീലനം നൽകും.
‘ലഹരിയാകാം കളിയിടങ്ങളോട്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് കൺവെൻഷൻ സെന്ററിന്റെ വളപ്പിൽതന്നെ വോളീബോൾ, ഷട്ടിൽ ബാഡ്മിന്റൻ കോർട്ട് നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും എസ്.സി ഫണ്ടിൽനിന്നും 13 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് വോളിബോൾ കോർട്ട് നിർമ്മിക്കുന്നത്. പണി പൂർത്തിയാവുന്നതോടെ പ്രദേശത്തെ യുവതി യുവാക്കൾക്കായി കോർട്ട് തുറന്ന് കൊടുക്കും. നിലവിൽ റീടെയിനിംഗ് ഭിത്തി, ഗ്യാലറി എന്നിവയുടെ നിർമ്മാണം നടന്നു വരുന്നു.
വി.എസ്. കൺവെൻഷൻ സെന്ററിന്റെയും, കുടുംബശ്രീ കെ -വൈബ്സ് അപ്പാരൽ പാർക്കിന്റെയും ഉദ്ഘാടനം ബഹു.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് 2025 ഒക്ടോബർ 4 ശനിയാഴ്ച രാവിലെ 10 ന് വില്ലണി മൈത്രി നഗറിൽ നിർവഹിക്കു കയാണ് .വോളീബോൾ ഷട്ടിൽ കോർട്ടിന്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ. എൻ. ജയരാജും നിർവഹിക്കും.