തിരുവനന്തപുരം : കർക്കടകം ഭൂരിഭാഗം പേർക്കും നിഷ്ഠയുടെ മാസംകൂടിയാണ്. പതിവ് ജീവിതചര്യകളിൽനിന്നൊരു വ്യതിചലനം.ശരീരവും മനസ്സും പ്രകൃതിയും ഒന്നുചേർന്ന് ശുദ്ധത കൈവരിക്കാൻ പൂർവികർ നിശ്ചയിച്ച ചില ചിട്ടവട്ടങ്ങൾ ജീവിതത്തിൽ സ്വീകരിക്കുന്നവർ ഇന്നുമേറെ.ശരീരസംരക്ഷണത്തിനുമാത്രമല്ല ആഹാരം-അത് മനസ്സിന്റെ പോഷണത്തിന് കൂടിയാണെന്ന തിരിച്ചറിവാണ് ആയുർവേദത്തെ അടിസ്ഥാനമാക്കി ഔഷധക്കഞ്ഞി ഒരുക്കുന്നത്. പ്രകൃതിയുടെ സവിശേഷതമൂലം പ്രകൃതിക്കൊപ്പം മനസ്സ് മൂടിക്കെട്ടുന്ന മാസംകൂടിയാണിത്. മനസ്സിനും ശരീരത്തിനും കൂടുതൽ ഉന്മേഷവും ഉണർവും പകരുമെന്നതിനാൽ പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഭക്ഷണമാണ് ഇക്കാലയളവിൽ സ്വീകരിക്കുന്നത്.
ഔഷധഗുണമേറെയുള്ള ഞവര അരിയാണ് കഞ്ഞിയുടെ പ്രധാനയിനം. കൂടാതെ പച്ചിലകളും അങ്ങാടിമരുന്നുകൂട്ടും കഞ്ഞിയുടെ വൈശിഷ്ട്യം കൂട്ടും. പ്രാദേശികമായി ഔഷധങ്ങളിൽ നേരിയ വ്യത്യാസമുണ്ടാകാം. ഉലുവ, ആശാളി, ജീരകം, കാക്കവട്ട്, മഞ്ഞൾ, ചുക്ക്, തഴുതാമ, ആടലോടകം എന്നിങ്ങനെ വിവിധയിനം ഔഷധച്ചേരുവകളാണ് ഭൂരിഭാഗംപേരും സ്വീകരിക്കുന്നത്. ചിലർ തേങ്ങാപ്പാൽ, ശർക്കര, പശുവിൻനെയ്യ് എന്നിവയും ചേർക്കും.
പത്തിലക്കറിയും പ്രാദേശികമായി ഭിന്നമാണ്. എങ്കിലും പ്രധാനമായും കുമ്പളയില, മത്തനില, മുള്ളൻചീര, മണിത്തക്കാളിയില, ചേമ്പില, ചീര, തഴുതാമ, പയറില, തകര, മുരിങ്ങയില എന്നിവയാണ് കൂടുതലായി കാണുന്ന പത്തില. മുരിങ്ങയില കർക്കടകമാസത്തിൽ ഉപയോഗിക്കരുതെന്ന വിശ്വാസം ചിലർ പിന്തുടരുന്നുണ്ട്. ഈ മാസം കട്ട് (വിഷാംശം) അതിലുണ്ടാകുമെന്നാണ് അത്തരക്കാരുടെ അഭിപ്രായം. എന്നാൽ, അതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നാണ് ആയുർവേദ വിദഗ്ധരുടെ അഭിപ്രായം. മുരിങ്ങയിലയ്ക്കുപകരം കോവൽ ഇല, കൊടിത്തൂവ (ചൊറിയണം) എന്നിവ ഉൾക്കൊള്ളിക്കാറുണ്ട്. ജീവകസമ്പുഷ്ടമാണ് എല്ലാ ഇലക്കറികളും. ശ്വാസകോശ, മൂത്രാശയ, ചർമരോഗങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് മിക്ക ഇലക്കറികളും. രക്തശുദ്ധി, ശരീരതാപം ക്രമീകരിക്കൽ എന്നിവയും ഇവയിലൂടെ ലഭിക്കും.
ആരോഗ്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന മാസമായതിനാലാണ് കർക്കടകത്തിൽ ചിട്ടവട്ടങ്ങൾ നിർദേശിക്കുന്നത്.പ്രകൃതിയും മനുഷ്യപ്രകൃതിയും തമ്മിലുള്ള സമന്വയത്തിനുവേണ്ടിയാണ് കർക്കടകത്തിലെ ഔഷധപ്രയോഗവും ആഹാരനിഷ്ഠകളും. ദഹനേന്ദ്രിയ വ്യവസ്ഥയെ ആകമാനം നന്നാക്കാനുള്ള ഹോർമോണുകളുടെയും എൻസൈമുകളുടെയും സൃഷ്ടിയാണ് ഔഷധപ്രയോഗത്തിലും പ്രത്യേക ആഹാരക്രമത്തിലുംകൂടി ലഭിക്കുന്നത്.