ലോകബാങ്ക് പോലുള്ള പ്രധാന ആഗോള സ്ഥാപനങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നു; ലോകത്തു സാമൂഹ്യസമത്വമുള്ള രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യ ഇടംനേടി: പ്രധാനമന്ത്രി
ന്യൂഡൽഹി : 2025 ജൂലൈ 12
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തൊഴിൽമേളയെ അഭിസംബോധന ചെയ്തു. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്കു വിദൂരദൃശ്യസംവിധാനത്തിലൂടെ നിയമനപത്രങ്ങൾ വിതരണം ചെയ്തു. ഇന്ത്യാഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ജോലിയിൽ പ്രവേശിക്കുന്ന ഈ യുവാക്കളുടെ പുതിയ ഉത്തരവാദിത്വങ്ങളുടെ തുടക്കമാണ് ഇന്ന് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത കടമകൾക്കിടയിലും ‘പൗരൻ ആദ്യം’ എന്ന തത്വത്താൽ നയിക്കപ്പെടുന്ന ദേശീയ സേവനമാണ് അവരുടെ പൊതുലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ജനസംഖ്യാശക്തിയുടെയും ജനാധിപത്യത്തിന്റെയും സമാനതകളില്ലാത്ത ശക്തിക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യയുള്ള, ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യക്ക്, ആഭ്യന്തരമായും ആഗോളതലത്തിലും ഭാവി രൂപപ്പെടുത്തുന്നതിനുള്ള അതുല്യമായ കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിശാലമായ യുവശക്തി ഇന്ത്യയുടെ ഏറ്റവും വലിയ മൂലധനമാണെന്നും, ഈ മൂലധനത്തെ ദീർഘകാല അഭിവൃദ്ധിക്കുള്ള ഉത്തേജകമാക്കി മാറ്റാനുള്ള ശ്രമങ്ങളിൽ ഗവണ്മെന്റ് ഉറച്ചുനിൽക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“രണ്ടുദിവസംമുമ്പാണ് അഞ്ചുരാജ്യങ്ങൾ സന്ദർശിച്ചു ഞാൻ തിരിച്ചെത്തിയത്. ഞാൻ സന്ദർശിച്ച എല്ലാ രാജ്യങ്ങളിലും ഇന്ത്യയുടെ യുവാക്കളുടെ ശക്തി കരുത്തോടെ പ്രതിധ്വനിച്ചു. ഈ പര്യടനത്തിനിടെ ഒപ്പുവച്ച കരാറുകൾ രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കാരായ യുവാക്കൾക്കു ഗുണം ചെയ്യും” – ശ്രീ മോദി പറഞ്ഞു. പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, ഡിജിറ്റൽ സാങ്കേതികവിദ്യ, ഊർജം, അപൂർവ ഭൗമധാതുക്കൾ തുടങ്ങിയ നിർണായക മേഖലകളിൽ ഈ പര്യടനത്തിനിടെ ഒപ്പുവച്ച വിവിധ കരാറുകൾ ദൂരവ്യാപകമായ നേട്ടങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ സംരംഭങ്ങൾ ഇന്ത്യയുടെ ആഗോള സാമ്പത്തികനില ശക്തിപ്പെടുത്തുക മാത്രമല്ല, ഉൽപ്പാദനത്തിലും സേവനങ്ങളിലും യുവ ഇന്ത്യക്കാർക്ക് അർഥവത്തായ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും” – ശ്രീ മോദി കൂട്ടിച്ചേർത്തു.
വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലയെ അഭിസംബോധന ചെയ്ത അദ്ദേഹം, 21-ാം നൂറ്റാണ്ടിൽ ജോലികളുടെ സ്വഭാവം ദ്രുതഗതിയിലുള്ള പരിവർത്തനത്തിനു വിധേയമാകുകയാണെന്നു വ്യക്തമാക്കി. നവീകരണം, സ്റ്റാർട്ടപ്പുകൾ, ഗവേഷണം എന്നിവയുടെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാൻ പ്രാപ്തരാക്കുന്ന ഇന്ത്യയിലെ വളർന്നുവരുന്ന ആവാസവ്യവസ്ഥയെക്കുറിച്ചു സംസാരിച്ചു. യുവാക്കൾ അഭിലാഷം, കാഴ്ചപ്പാട്, പുതിയതെന്തെങ്കിലും സൃഷ്ടിക്കാനുള്ള ശക്തമായ ആഗ്രഹം എന്നിവയോടെ മുന്നേറുന്നതു കാണുന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, പുതിയ തലമുറയിലുള്ള തന്റെ ആത്മവിശ്വാസവും അഭിമാനവും പങ്കുവച്ചു.
സ്വകാര്യമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇന്ത്യാ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. തൊഴിൽബന്ധിത ആനുകൂല്യപദ്ധതി എന്ന പേരിൽ പുതിയ പദ്ധതിക്കു ഗവണ്മെന്റ് അടുത്തിടെ അംഗീകാരം നൽകി. ഈ പദ്ധതിപ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കു ഗവണ്മെന്റ് ₹15,000 നൽകും. “മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അവരുടെ ആദ്യ ജോലിയുടെ ആദ്യ ശമ്പളത്തിലേക്കു ഗവണ്മെന്റ് സംഭാവന നൽകും. ഇതിനായി, ഏകദേശം ₹1 ലക്ഷം കോടി ബജറ്റ് ഗവണ്മെന്റ് അനുവദിച്ചു. ഏകദേശം മൂന്നരക്കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു” – ശ്രീ മോദി കൂട്ടിച്ചേർത്തു.
ദേശീയ വളർച്ചയെ മുന്നോട്ടു നയിക്കുന്നതിലും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും, ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള ഇന്ത്യയുടെ യാത്ര ത്വരിതപ്പെടുത്തുന്നതിലും ഇന്ത്യയുടെ ഉൽപ്പാദനമേഖലയുടെ പരിവർത്തനാത്മക ശക്തിക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. സമീപവർഷങ്ങളിൽ ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിനു വലിയ കരുത്തേകിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. PLI (ഉൽപ്പാദനബന്ധിത ആനുകൂല്യ) പദ്ധതിയിലൂടെ മാത്രം രാജ്യത്തുടനീളം 1.1 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. മൊബൈൽ ഫോൺ-ഇലക്ട്രോണിക്സ് മേഖലയിൽ അഭൂതപൂർവമായ വികാസം ഉണ്ടായി. “ഇന്ന് ഇന്ത്യയിലെ ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിന്റെ മൂല്യം ഏകദേശം 11 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ 11 വർഷത്തിനിടെ അഞ്ചിരട്ടിയിലധികം വർധനയുള്ളതായി ഇതു വ്യക്തമാക്കുന്നു. മുമ്പ്, രാജ്യത്തു മൊബൈൽ ഫോണുകൾ നിർമാണ യൂണിറ്റുകൾ രണ്ടോ നാലോ എണ്ണമായിരുന്നു. ഇന്ന്, മൊബൈൽ ഫോൺ നിർമാണവുമായി ബന്ധപ്പെട്ട 300 ഓളം യൂണിറ്റുകൾ ഇന്ത്യയിലുണ്ട്. ലക്ഷക്കണക്കിനു യുവാക്കൾക്ക് ഇതു തൊഴിൽ നൽകുന്നു” – ശ്രീ മോദി പറഞ്ഞു.
പ്രതിരോധ നിർമാണത്തിൽ ആഗോളതലത്തിൽ ഇന്ത്യ മുൻനിരയിലേക്ക് ഉയർന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഈ മേഖലയിലെ ഉൽപ്പാദനം ₹1.25 ലക്ഷം കോടി കവിഞ്ഞതായും വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ലോക്കോമോട്ടീവ് ഉൽപ്പാദക രാജ്യമായി ഇന്ത്യ ഉയർന്നുവന്നതിനെയും, ലോക്കോമോട്ടീവുകൾ, റെയിൽ കോച്ചുകൾ, മെട്രോ കോച്ചുകൾ എന്നിവയിൽ രാജ്യത്തിന്റെ കരുത്തുറ്റ കയറ്റുമതിയെയും അദ്ദേഹം പ്രശംസിച്ചു. ഓട്ടോമൊബൈൽ മേഖല വെറും അഞ്ചുവർഷത്തിനുള്ളിൽ 40 ശതകോടി ഡോളർ FDI ആകർഷിച്ചുവെന്നും, അതിന്റെ ഫലമായി പുതിയ ഫാക്ടറികൾ, പുതിയ തൊഴിലവസരങ്ങൾ, റെക്കോർഡ് വാഹന വിൽപ്പന എന്നിവ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദശകത്തിൽ 90 കോടിയിലധികം ഇന്ത്യൻ പൗരന്മാർക്കു ഗവണ്മെന്റിന്റെ വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭിച്ചുവെന്നു സ്ഥിരീകരിക്കുന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) സമീപകാല റിപ്പോർട്ട് ഉദ്ധരിച്ച ശ്രീ മോദി, ഇന്ത്യയുടെ ക്ഷേമ സംരംഭങ്ങളുടെ ദൂരവ്യാപകമായ സ്വാധീനത്തിനും അടിവരയിട്ടു. ഈ പദ്ധതികൾ ക്ഷേമ ആനുകൂല്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും, ഗ്രാമീണ ഇന്ത്യയിലുൾപ്പെടെ വലിയ തോതിലുള്ള തൊഴിൽ സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎം ആവാസ് യോജന പോലുള്ള മുൻനിര പദ്ധതികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിനുകീഴിൽ അടച്ചുറപ്പുള്ള 4 കോടി വീടുകൾ നിർമിച്ചു. 3 കോടി വീടുകൾ നിർമാണഘട്ടത്തിലാണ്. ശുചിത്വ ഭാരത യജ്ഞപ്രകാരമുള്ള 12 കോടി ശൗചാലയങ്ങളുടെ നിർമാണം പ്ലംബർമാർക്കും നിർമാണത്തൊഴിലാളികൾക്കും തൊഴിൽ നൽകി. അതേസമയം, ഉജ്വല യോജനപ്രകാരം 10 കോടിയിലധികം എൽപിജി കണക്ഷനുകൾ ബോട്ടിലിങ് അടിസ്ഥാനസൗകര്യങ്ങളും വിതരണശൃംഖലകളും വികാസിപ്പിച്ചു. ഇത് ആയിരക്കണക്കിനു വിതരണ കേന്ദ്രങ്ങളും ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
“പുരപ്പുറ സോളാർ ഇൻസ്റ്റളേഷനുകൾക്കായി ഒരു വീടിന് ₹75,000-ത്തിലധികം വാഗ്ദാനം ചെയ്യുന്ന ‘പിഎം സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന’, ഗാർഹിക വൈദ്യുതി ബില്ലുകൾ കുറയ്ക്കുകയും ടെക്നീഷ്യൻമാർ, എൻജിനിയർമാർ, സോളാർ പാനൽ നിർമാതാക്കൾ എന്നിവർക്കു തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. നമോ ഡ്രോൺ ദീദി, ഡ്രോൺ പൈലറ്റുമാരായി പരിശീലനം നൽകി ഗ്രാമീണ സ്ത്രീകളെ ശാക്തീകരിച്ചു” – ശ്രീ മോദി കൂട്ടിച്ചേർത്തു.
മൂന്നുകോടി ‘ലഖ്പതി ദീദി’കളെ സൃഷ്ടിക്കുക എന്ന ദൗത്യവുമായി രാജ്യം മുന്നേറുകയാണെന്നും 1.5 കോടി സ്ത്രീകൾ ഇതിനകം ഈ നാഴികക്കല്ലു കൈവരിച്ചിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. ബാങ്ക് സഖി, ബീമ സഖി, കൃഷി സഖി, പശു സഖി തുടങ്ങിയ വിവിധ പദ്ധതികൾ സ്ത്രീകൾക്കു സുസ്ഥിരമായ തൊഴിൽ നൽകി. പിഎം സ്വനിധി പദ്ധതി തെരുവോര കച്ചവടക്കാർക്കും വിൽപ്പനക്കാർക്കും ഔപചാരിക സഹായം നൽകിയിട്ടുണ്ടെന്നും ദശലക്ഷക്കണക്കിനു പേരെ സാമ്പത്തിക മുഖ്യധാരയിലേക്കു കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. അതേസമയം, പിഎം വിശ്വകർമ പദ്ധതി പരമ്പരാഗത കരകൗശലത്തൊഴിലാളികളെയും, കരകൗശല വിദഗ്ധരെയും, സേവന ദാതാക്കളെയും പരിശീലനം, ഉപകരണങ്ങൾ, വായ്പ എന്നിവയിലൂടെ പുനരുജ്ജീവിപ്പിക്കുന്നു.
കഴിഞ്ഞ പത്തുവർഷത്തിനിടെ 25 കോടി പേർ ദാരിദ്ര്യത്തിൽനിന്നു മുക്തരായത് ഇത്തരത്തിലുള്ള നിരവധി പദ്ധതികളുടെ ഫലമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “തൊഴിലവസരങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു പരിവർത്തനം സാധ്യമാകുമായിരുന്നില്ല. അതുകൊണ്ടാണ്, ഇന്നു ലോകബാങ്ക് പോലുള്ള പ്രധാന ആഗോള സ്ഥാപനങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നത്. ലോകത്തു സാമൂഹ്യസമത്വമുള്ള രാജ്യങ്ങളുടെ മുൻനിരയിൽ ഇന്ത്യയിപ്പോൾ ഇടംനേടിയിട്ടുണ്ട്” – ശ്രീ മോദി പറഞ്ഞു.
വികസനത്തിന്റെ മഹായജ്ഞവും, ദാരിദ്ര്യനിർമാർജനത്തിനും തൊഴിൽസൃഷ്ടിക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ദേശീയ ദൗത്യവുമാണു നിലവിലെ ഘട്ടമെന്നു പ്രധാനമന്ത്രി വിശേഷിപ്പിച്ചു. രാജ്യത്തെ യുവാക്കളോടും പുതുതായി നിയമിതരായവരോടും ഈ ദൗത്യം നവോന്മേഷത്തോടെയും അർപ്പണബോധത്തോടെയും മുന്നോട്ടുകൊണ്ടുപോകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഉപസംഹരിക്കവേ, ഓരോ പൗരനെയും ദൈവതുല്യം പരിഗണിക്കുക എന്നർഥം വരുന്ന “നാഗ്‌രിക് ദേവോ ഭവ” എന്ന മാർഗനിർദേശ തത്വം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പുതുതായി നിയമിതരായവർക്കു ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ച ശ്രീ മോദി, പൊതുസേവനത്തിൽ ശോഭനവും അർഥവത്തായതുമായ ഭാവിക്കായി ആശംസകളും നേർന്നു.
പശ്ചാത്തലം
രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണു പതിനാറാമതു തൊഴിൽമേള നടന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതിന് ഉയർന്ന മുൻഗണന നൽകുന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പാണു തൊഴിൽമേളകൾ. യുവാക്കളുടെ ശാക്തീകരണത്തിനും, രാഷ്ട്രനിർമാണത്തിൽ അവരുടെ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ നൽകുന്നതിൽ തൊഴിൽമേളകൾ പ്രധാന പങ്കു വഹിക്കുന്നു. തൊഴിൽമേളകൾവഴി ഇതുവരെ 10 ലക്ഷത്തിലധികം നിയമനപത്രങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണു നിയമനങ്ങൾ. റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, തൊഴിൽ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായാണ്, രാജ്യത്തുടനീളം പുതിയതായി നിയമനം ലഭിച്ച യുവാക്കൾ ജോലിയിൽ പ്രവേശിക്കുന്നത്.
