കണമല: കനത്ത മഴയ്ക്കിടെ അതിശക്തമായി വീശിയടിച്ച കാറ്റ് പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും വ്യാപകമായി നാശം വിതച്ചു. ഒട്ടേറെ പേരുടെ വീടുകൾ തകർന്നു. മൂലക്കയത്ത് രണ്ടു വീടുകൾ പൂർണമായി തകർന്നു.
കണമല സെന്റ് തോമസ് പള്ളി വൈദികമന്ദിരത്തിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്ന് നിലംപതിച്ചു. പള്ളിയിലെ വലിയ കൽക്കുരിശ് കാറ്റിൽ തകർന്ന നിലയിലാണ്. മേഖലയിൽ വീടുകൾ തകർന്ന അപകടങ്ങളിൽ ആർക്കും പരിക്കില്ല. തകർന്ന വീടുകളിൽ കുടുംബങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
മരങ്ങൾ വീണ് വ്യാപകമായി പോസ്റ്റുകൾ തകർന്നതോടെ മേഖലയിൽ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്. എയ്ഞ്ചൽവാലിയിൽ മാത്രം ഒമ്പത് വൈദ്യുതിപോസ്റ്റുകൾ മരങ്ങൾ വീണ് തകർന്നു. കണമലയിൽ വലിയ തേക്കുമരം വീണ് തടസപ്പെട്ട ഗതാഗതം ഇന്നലെ ഉച്ചയോടെയാണ് പുനരാരംഭിച്ചത്. എയ്ഞ്ചൽവാലിയിൽ മരം വീണ് തകർന്ന ട്രാൻസ്ഫോർമറിൽ ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തി.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് അതിതീവ്ര മഴയും ശക്തമായ കാറ്റുമുണ്ടായത്. എയ്ഞ്ചൽവാലി മൂലക്കയം കുറുമുള്ളുകാലായിൽ കുഞ്ഞമ്മ വർഗീസ്, മൂലക്കയം കണ്ടത്തിൽ സാബു മാത്യു എന്നിവരുടെ വീടുകൾ മരം വീണ് പൂർണമായും തകർന്ന നിലയിലാണ്. കണമല മഠംപടിയിൽ വലിയ തേക്ക് കടപുഴകി 11 കെവി ലൈൻ തകർത്ത് റോഡിലേക്ക് വീഴുകയായിരുന്നു. ഇതോടെ മൂക്കൻപെട്ടി വഴിയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു.
അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം വെട്ടിനീക്കി തടസങ്ങൾ മാറ്റാൻ ഏറെ പ്രയാസപ്പെട്ടു. ഇരുട്ടും മഴയും മൂലം മരം മുറിച്ചു നീക്കുന്നത് ശ്രമകരമായിരുന്നു. ഇന്നലെ രാവിലെയോടെയാണ് റോഡ് ഗതാഗത സജ്ജമാക്കാൻ കഴിഞ്ഞത്. റോഡിന് കുറുകെ എഴുകുംമണ്ണ് ഫോറസ്റ്റ് സ്റ്റേഷന് സമീപം മരം വീണ് തകർന്ന വൈദ്യുതിപോസ്റ്റ് ഇന്നലെ ഉച്ചയോടെ നീക്കി. മൂക്കൻപെട്ടി,
എയ്ഞ്ചൽവാലി റൂട്ടിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും റോഡിൽ വീണ നിലയിലായിരുന്നു. ഇന്നലെ രാവിലെയോടെ ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന വിധത്തിൽ ഗതാഗത തടസങ്ങൾ നീക്കിയിരുന്നു. സ്വകാര്യ ബസുകൾ മേഖലയിൽ സർവീസ് നടത്തിയില്ല. കണമലയിൽനിന്നു തുലാപ്പള്ളിയിൽ എത്തിയാണ് മൂക്കൻപെട്ടി,
എയ്ഞ്ചൽവാലി ഭാഗത്തേക്ക് ഗതാഗതം സാധ്യമായിരുന്നത്. തുലാപ്പള്ളി റോഡിൽ കണമല പാലം മുതൽ ഫോറസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്ത് വനത്തിലെ മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും 11 കെവി ഉൾപ്പെടെ വൈദ്യുതിലൈനുകളിൽ വീണ നിലയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവ നീക്കി കണമല ടൗണിലും പരിസരങ്ങളിലും വൈദ്യുതി വിതരണം സാധ്യമാക്കിയത്. കണമല ടൗൺ ഒഴികെയുള്ള പ്രദേശങ്ങളിൽ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണ്.
മേഖലയിൽ മൊത്തം 25ഓളം പോസ്റ്റുകൾ തകർന്നിട്ടുണ്ടെന്ന് കെഎസ്ഇബി എരുമേലി സെക്ഷൻ അധികൃതർ പറയുന്നു. സെക്ഷനിലെ ജീവനക്കാരും കരാർ തൊഴിലാളികളും പമ്പാവാലി പ്രദേശത്ത് ഇന്നലെ വിവിധ ഭാഗങ്ങളിലായി വൈദ്യുതി തടസങ്ങൾ നീക്കുന്ന ജോലിയിലായിരുന്നു. ഇന്നും പണികൾ തുടരുമെന്ന് അധികൃതർ പറഞ്ഞു.
അഴുതമുന്നി, ആറാട്ടുകയം ഭാഗങ്ങളിൽ ഒട്ടേറെ പേരുടെ റബർമരങ്ങളും കാർഷികവിളകളും നശിച്ചു. താഴത്തുപീടികയിൽ ജോസ്, താഴത്തുപീടികയിൽ സജി, പന്തംപ്ലാക്കൽ തോമാച്ചൻ എന്നിവർ ഉൾപ്പെടെ ഒട്ടേറെ പേരുടെ പുരയിടങ്ങളിലും പറമ്പുകളിലും വ്യാപകമായി നാശനഷ്ടങ്ങളുണ്ട്. ഇന്നലെ വൈകുന്നേരം വീണ്ടും ശക്തമായ മഴയും കാറ്റും മേഖലയിൽ ഭീതി പടർത്തി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ റവന്യു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.