കോട്ടയം: ദേശീയ പതാക നിർമ്മാണത്തിന് നിലവാരമില്ലാത്ത തുണിത്തരങ്ങൾ നൽകിയ
വ്യാപാര സ്ഥാപനത്തിന് പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.
മൂവാറ്റുപുഴ വെള്ളൂർക്കുന്നം ജങ്ഷനിൽ പ്രവർത്തിക്കുന്ന എ.എസ്. ട്രേഡേഴ്‌സ്,
ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അർബൻ തജീർ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ്
വിധി. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന കിടങ്ങൂർ അപ്പാരൽ വെൽഫെയർ
അസോസിയേഷൻ പ്രസിഡന്റ് ശ്രീജ സന്തോഷാണ് പരാതിക്കാരി.മുൻകൂറായി വാങ്ങിയ
17 ലക്ഷം രൂപാ തിരിച്ചു നൽകണമെന്നും സേവനത്തിലെ അപര്യാപ്തതയ്ക്കും
അന്യായമായ വ്യാപാര സമ്പ്രദായങ്ങൾക്കും നഷ്ടപരിഹാരമായി 25000 രൂപ
നൽകണമെന്നുമാണ് വിധി. കോടതി ചെലവായി 5000 രൂപയും നൽകണം.അഡ്വ. വി.എസ്.
മനുലാൽ പ്രസിഡന്റായും ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളായുമുള്ള
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെതാണ് ഉത്തരവ്. കേന്ദ്ര
സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ കാമ്പയിന്റെ ഭാഗമായി രണ്ട് ലക്ഷം ദേശീയ പതാകകൾ
നിർമിക്കാൻ കിടങ്ങൂർ അപ്പാരൽ വെൽഫെയർ അസോസിയേഷനെ ജില്ലാ കളക്ടർ
ചുമതലപ്പെടുത്തിയിരുന്നു. എ.എസ്. ട്രേഡേഴ്‌സ് പ്രതിനിധികൾ റോട്ടോ കോട്ടൺ
തുണിത്തരങ്ങൾ ഒന്നിന് 17 രൂപ നിരക്കിൽ നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എ.എസ്.
ട്രേഡേഴ്‌സ് പ്രതിനിധികളുടെ നിർദേശ പ്രകാരം അർബൻ തജീർ എന്ന സ്ഥാപനത്തിന്റെ
അക്കൗണ്ടിലേക്ക് 17 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എന്നാൽ ഉറപ്പു
നൽകിയ സമയത്ത് ദേശീയ പതാകാ സാമഗ്രികൾ എത്തിച്ചില്ല. പിന്നീട് എത്തിച്ച
സാധനങ്ങൾ ഗുണനിലവാരമില്ലാത്തതായിരുന്നു. നിറവ്യത്യാസവും ഉണ്ടായിരുന്നു.
ഇക്കാര്യങ്ങൾ അറിയിച്ചിട്ടും അവർ നടപടികളൊന്നുമെടുത്തില്ല. തുടർന്നാണ്
ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. നൽകിയ തുണിത്തരങ്ങൾ
ഇന്ത്യയുടെ പതാക കോഡിൽ അനുശാസിക്കുന്ന അളവും രൂപകൽപ്പനയും അനുസരിച്ച് ദേശീയ
പതാക തുന്നാൻ അനുയോജ്യമല്ലെന്ന് കമ്മിഷൻ കണ്ടെത്തി. സ്ത്രീ
ശാക്തീകരണത്തിനായി രൂപീകരിച്ച കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന
സ്റ്റിച്ചിങ് യൂണിറ്റ് ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചതായും കമ്മിഷൻ
കണ്ടെത്തി.