ന്യൂഡൽഹി : ബലാത്സംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനു മുൻകൂർ ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം നൽകിയത്. പരാതിയിൽ കാലതാമസം ഉണ്ടായെന്നായിരുന്നു ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കണമെന്നും പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു.അതിജീവിതയായ നടി പരാതി നൽകിയത് 8 വർഷത്തിനു ശേഷമാണെന്നതു ചൂണ്ടിക്കാട്ടിയാണു കോടതി ജാമ്യം അനുവദിച്ചത്. പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചു. അന്വേഷണ സംഘത്തിനു തിരിച്ചടിയാകുന്ന തീരുമാനമാണു സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സിദ്ദിഖിനു ജാമ്യം നൽകിയാൽ സമാനമായ മറ്റു കേസുകളെയും ബാധിക്കുമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണു കോടതിയുടെ തീരുമാനം.