മുക്കൂട്ടുതറ :മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ ഡോക്ടറെ മൂന്ന് പേർ ആക്രമിച്ചു. പോലിസ് എത്തുമ്പോഴേക്കും ഇവർ രക്ഷപെട്ടു. ഇന്ന് ഉച്ചക്ക് മുമ്പ് ആണ് സംഭവം. മുക്കൂട്ടുതറ സ്വദേശി പ്രിൻസ് (35) എന്ന പേരിൽ ഓ പി ടിക്കറ്റ് എടുത്തു ഡോക്ടറെ കാണാൻ കയറിയ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബി പി കൂടുതൽ ആണെന്ന് പരിശോധനയിൽ അറിയിക്കുമ്പോൾ മൂന്ന് പേരിലും മദ്യ ലഹരിയുടെ തീവ്രമായ മണം ഉണ്ടായിരുന്നത് മനസിലാക്കി ഇവരെ പറഞ്ഞയക്കാൻ ശ്രമിച്ചെന്ന് ഡോക്ടർ പറയുന്നു. തുടർന്നാണ് ഇവർ ആക്രമണം നടത്തിയതെന്ന് ഡോക്ടർ പറഞ്ഞു. ഈ സമയം സ്ഥലത്തുണ്ടായിരുന്നവർ ഇടപെടുകയും ഇതോടെ ആശുപത്രി അധികൃതർ എരുമേലി പോലീസിൽ വിളിച്ചു സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. സ്ഥലത്തു എത്തിയ പോലിസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ സിസി ക്യാമറ ദൃശ്യങ്ങൾ പോലീസിന് നൽകിയിട്ടുണ്ട്.
