കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിൽ യു ഡി എഫിന് പ്രൊഫ റോണി കെ ബേബി സ്ഥാനാർത്ഥി. ഡി സി സി ജനറൽ സെക്രട്ടറിയും, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ അധ്യാപകനുമാണ്. കൂടാതെ ചാനൽ ചർച്ചകൾ കോൺഗ്രസ് മുഖമാണ്. അവസാന നിമിഷമാണ് കോൺഗ്രസ് നേതൃത്വം റോണി കെ ബേബിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. പ്രൊഫ റോണി കെ ബേബി, കെ പി സി സി വക്താവ് കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളേജ് അദ്ധ്യാപകൻ എന്നീ നിലയിൽ പ്രവർത്തിക്കുന്നു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയാണ്. കെ എസ് യു വിലൂടെ സംഘടനാ പ്രവർത്തനത്തിന് തുടക്കം. 1996–1997 ൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും റാങ്കോടെ പൊളിറ്റിക്കൽ സയൻസിൽ ബിരുദം. ഹൈദ്രബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ യൂണിവേഴ്സിറ്റി ഡിസ്കഷൻ ഫോറത്തിൻ്റെ (UDF) കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. റാങ്കോടെ എം എ, എം ഫിൽ ബിരുദങ്ങൾ നേടി. 2004 ൽ നാട്ടിൽ തിരിച്ചെത്തി കോളേജ് അദ്ധ്യാപക ജോലി ആരംഭിച്ചതിനോടൊപ്പം യൂത്ത് കോൺഗ്രസിലും പ്രവർത്തനം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ 2008 ൽ ദേശീയ തലത്തിൽ രാഹുൽ ഗാന്ധി നടത്തിയ ടാലൻ്റ് സേർച്ചിൽ മികവ് തെളിയിച്ച് കേരളത്തിലെ ആദ്യ സ്ഥാനക്കാരിലെത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവായും ദേശീയ പരിശീലന ടീം അംഗമായും പ്രവർത്തിച്ചു. കഴിഞ്ഞ പത്ത് വർഷമായി കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുന്നു. നിലവിൽ കെ പി സി സി വക്താവ് ആയി ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ്. ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ നാല് പുസ്തകങ്ങളും ആയിരത്തിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ആദിവാസി ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന കേരളത്തിലെ വിവിധ ഭൂസമരങ്ങളിൽ സജീവമായി പങ്കെടുത്തുവരുന്നു. “അന്യാധീനപ്പെടുന്ന ഭൂമി. കേരളത്തിലെ കോർപ്പറേറ്റ് ഭൂമി കയ്യേറ്റങ്ങളുടെ ചരിത്രം” എന്ന പുസ്തകം ഹൈക്കോടതിയിൽ ഭൂമി സംബന്ധമായ കേസുകളിൽ റഫറൻസ് ഗ്രന്ഥമായി ഉപയോഗിച്ചു വരുന്നു. നിലവിൽ കേരളത്തിലെ വിവിധ ഭൂമി വിഷയങ്ങളിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥി കൂടിയാണ്. കോളേജിൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ നിരവധി സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ മികച്ച നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഭാര്യ മെറീന മാത്യു ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയാണ്. മൂന്ന് മക്കൾ വിദ്യാർത്ഥികളാണ്
