മുണ്ടക്കയം:‘അലുവ അതുൽ’ കൊലപാതകക്കേസിലെ പ്രധാന പ്രതിയടക്കം നാലുപേർ മുണ്ടക്കയത്ത് വെച്ച് പിടിയിലായി.മാസ്സ് സിനിമയെ ഓർമ്മിപ്പിക്കുന്ന നീക്കങ്ങളിലൂടെയാണ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ പ്രതികളെ വലയിലാക്കിയത്!കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ സഞ്ചരിച്ച വാഹനം മുണ്ടക്കയം കോസ്‌വേ ജംഗ്ഷനിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ പെടുകയായിരുന്നു. പോലീസിനെ കണ്ടതോടെ വെട്ടിച്ചു കടന്ന പ്രതികളുടെ വാഹനം സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ജോൺസൺ AJ തിരിച്ചറിഞ്ഞു. ഒട്ടും വൈകാതെ തന്നെ അദ്ദേഹം ഒരു പിക്ക് അപ്പ് ലോറിയിൽ പ്രതികളെ പിന്തുടർന്നു.മുണ്ടക്കയം കോസ് വേ നിന്നും പ്രതികളുടെ വാഹനം അതിവേഗത്തിൽ പാഞ്ഞു. പ്രതികളെ തടയാനായി താൻ സഞ്ചരിച്ചിരുന്ന പിക്ക് അപ്പ് ലോറി ഉപയോഗിച്ച് അവരുടെ വാഹനത്തിൽ ഇടിച്ചു നിർത്താൻ ജോൺസൺ തോമസ് ശ്രമിച്ചു. ഇതോടെ പരിഭ്രാന്തരായ പ്രതികൾ വാഹനം വെട്ടിച്ചു മാറ്റുന്നതിനിടെ മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് വെച്ച് മറ്റൊരു സ്വിഫ്റ്റ് കാറിലും ഇടിച്ചു.അപകടത്തിന് പിന്നാലെ മുണ്ടക്കയം മുരിക്കുംവയൽ ഭാഗത്ത് വെച്ച് കാർ ഉപേക്ഷിച്ച് പ്രതികൾ സമീപത്തെ കാടുകളിലേക്കും മറ്റും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം ജോൺസൺ AJ ഉടൻ തന്നെ കോട്ടയം ജില്ലാ പോലീസ് മേധാവിയെ വിവരം അറിയിക്കുകയും സമീപത്തെ എരുമേലി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു.പോലീസും നാട്ടുകാരും ചേർന്ന് പ്രദേശം വളഞ്ഞതോടെ രക്ഷപ്പെടാൻ വഴിയില്ലാതെ പ്രതികൾ പോലീസിന് കീഴടങ്ങുകയായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം പോലീസ് പിടികൂടിയ പ്രതികളെ കൊല്ലം പോലീസിന് കൈമാറിയിട്ടുണ്ട്. ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ തിരുവനന്തപുരത്തു നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.2025 മാർച്ച് 27ന് നടന്ന ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയാണ് അലുവ അതുൽ. സ്വന്തം വീട്ടിൽ അമ്മയുടെ കൺമുന്നിൽ വച്ചാണ് ജിം സന്തോഷ് അലുവ അതുലിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം ഒളിവിൽ പോയ അതുലിനെ തമിഴ്നാട്ടിലെ തിരുവള്ളൂരിൽ വച്ചാണ് പോലീസ് പിടികൂടിയത്. ആ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അലുവാ അതുലിനെയാണ് കരുനാഗപ്പള്ളി നഗരത്തിൽ വെച്ച് ഒരു സംഘം വെട്ടിക്കൊന്നത്.
കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നിന്ന് വെറും രണ്ട് കിലോമീറ്റര്‍ അകലെയാണ് അരുംകൊല നടന്നത്.സന്തോഷ് വധകേസിൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിട്ട്
മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.അലുവ അതുലും കൂട്ടുപത്രിയായ കുക്കു എന്ന മനുവും സഞ്ചരിച്ച കാറിനെ ഗുണ്ടാ സംഘം മറ്റൊരു കാറിൽ പിൻ തുടർന്നു. അതുലിന്റെ കാർ നിർമാണം നടക്കുന്ന റോഡിലെ കുഴിയിലേക്ക് ഇടിച്ചിട്ടാണ് സംഘം ആയുധങ്ങളുമായി അതുലിനെയും മനുവിനെയും ആക്രമിച്ചത്.
