കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു;

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ 
സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സി ഫിലിപ്പ്

കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എഴുതപ്പെട്ട നാല് സുവിശേഷങ്ങളോടൊപ്പം എഴുതപ്പെടാത്ത ഒരു സുവിശേഷം ഉണ്ടെന്നും അത് അല്‍മായരുടെ സുവിശേഷാനുസൃത  ജീവിതമാണെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍  അദ്ദേഹം പറഞ്ഞു. എല്ലാവരെയും കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ള ഹൃദയവിശാലത പാസ്റ്ററല്‍ കൗണ്‍സില്‍ സമിതിക്ക് ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. വീട്ടിലും സമൂഹത്തിലും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഓരോരുത്തരും സഭയെ പടുത്തുയര്‍ത്തുകയാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. സഭയില്‍ എന്നതുപോലെ പാസ്റ്ററല്‍ കൗണ്‍സിലിലും അല്മായരാണ് എണ്ണത്തില്‍ കൂടുതല്‍ എന്നും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും പ്രായോഗികമായ നിലപാടുകളും സ്വീകരിച്ച് സഭയെ വളര്‍ത്താനുള്ള നിയോഗം കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ഉണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

പാസ്റ്ററല്‍ കൗണ്‍സില്‍ തുറന്ന ശ്രവണത്തിന്റെ വേദിയാണെന്നും ആ ശ്രവണത്തിലൂടെയാണ് സഭ വളരുന്നതെന്നും കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ തന്റെ അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ബിനോ പി. ജോസും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഷാന്‍സി ഫിലിപ്പും ചുമതലയേറ്റു. 

‘സഭയും സമൂഹവും’ എന്ന വിഷയത്തെക്കുറിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനോ പി. ജോസ് ചര്‍ച്ചാ ക്ലാസ് നയിച്ചു. റവ ഫാ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു.

രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം സ്വാഗതം ആശംസിച്ചു. രൂപതാ സിഞ്ചെല്ലൂസ് റവ. ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കൗണ്‍സിലിന്റെ ഭാവി പരിപാടികളും രൂപതാ ജൂബിലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പരിപാടികളും അവതരിപ്പിച്ചു. പുതിയ  ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സി ഫിലിപ്പ് യോഗത്തിന് കൃതജ്ഞത അര്‍പ്പിച്ചു.
ഫാ മാത്യു ശൗര്യാംകുഴി, ഫാ ഫിലിപ്പ് തടത്തില്‍, സി. ട്രീസ എസ് എച്ച്, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

—————————————————————————————————————-
കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ 
സെക്രട്ടറി ഡോ. ബിനോ പി. ജോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ഷാന്‍സി ഫിലിപ്പ്

കാഞ്ഞിരപ്പള്ളി രൂപതയുടെ 13-ാമത്  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി ഡോ. ബിനോ പി. ജോസും ജോയിന്റ് സെക്രട്ടറിയായി അഡ്വ. ഷാന്‍സി ഫിലിപ്പും ചുമതലയേറ്റു.

ഡോ. ബിനോ പി. ജോസ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും മുണ്ടക്കയം ഇടവകാംഗവുമാണ്. കേരള സര്‍ക്കാരിന്റെ പാഠപുസ്തകരചനാ സമിതി അംഗം, അദ്ധ്യാപക പരിശീലകന്‍, കാഞ്ഞിരപ്പള്ളി രൂപതയുടെ വിവിധ പരിപാടികളിലെ റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. സീറോ-മലബാര്‍ സഭയുടെ വിശ്വാസപരിശീലന പുസ്തകങ്ങളുടെ രൂപീകരണത്തിലും പങ്കുവഹിച്ചിട്ടുണ്ട്.

ചാമംപതാല്‍ ഇടവകാംഗമായ അഡ്വ. ഷാന്‍സി ഫിലിപ്പ് കാഞ്ഞിരപ്പള്ളി ബാര്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും  കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പാനല്‍ ലോയറുമാണ്. ഇന്‍ഫാം താലൂക്ക് വൈസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി രൂപതാ റിസോഴ്‌സ് ടീം അംഗം, മാതൃവേദി ഇടവക പ്രസിഡന്റ്,  ചിറക്കടവ് സഹകരണ ബാങ്ക് ലീഗല്‍ അഡൈ്വസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

ഫോട്ടോ അടിക്കുറിപ്പ്

കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. റവ. ഡോ. ജോസഫ് വെള്ളമറ്റം, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ഡോ. ബിനോ പി.ജോസ് പെരുന്തോട്ടം, അഡ്വ.ഷാന്‍സി ഫിലിപ്പ് എന്നിവര്‍ സമീപം.  

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!