ഗാന്ധി നിന്ദയ്ക്കെതിരെയുള്ള എബിയുടെ ഒറ്റയാൾ പോരാട്ടം അവസാനിക്കുന്നില്ല

പാലാ: അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയെ നിന്ദിക്കുന്നതിനെതിരെയുള്ള പാലാ സ്വദേശി എബി ജെ ജോസിൻ്റെ ഒറ്റയാൾ പോരാട്ടം അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ വികൃതമാക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർക്കു പരാതി നൽകിയിരിക്കുകയാണ്. നാട്ടിലായാലും വിദേശത്തായാലും ഗാന്ധി നിന്ദയ്ക്കെതിരെയുള്ള ശബ്ദമായി എബിയുണ്ട്.

ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ അച്ചടിച്ചത് എബിയുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ മൂന്ന് രാജ്യങ്ങളിൽ നിന്നും പിൻവലിച്ചിരുന്നു. ഇന്ത്യയുടെ സൗഹ്യദ രാഷ്ട്രങ്ങളായ റഷ്യ, ഇസ്രായേൽ, ചെക്ക് റിപ്പബ്ളിക്ക് എന്നീ രാജ്യങ്ങളിലായിരുന്നു ഗാന്ധിജിയുടെ ചിത്രം ബിയർ കുപ്പികളിൽ പ്രദർശിപ്പിച്ചിരുന്നത്. റഷ്യൻ ബിയർ നിർമ്മാതാക്കളായ റിവോർട്ട് ബ്രൂവറിയാണ് ഏറ്റവും ഒടുവിൽ ബിയർ ക്യാനിൽ നിന്നും ഗാന്ധിജിയുടെ ചിത്രം പിൻവലിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ, ഇന്ത്യയിലെ റഷ്യൻ അംബാസിഡർ ഡെനിസ് അലിപ്പോവ് എന്നിവർക്കു പരാതികളയയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ ഗാന്ധിജിയുടെ ചിത്രം ബിയർ ക്യാനിൽ നിന്നൊഴിവാക്കിയെന്നും സംഭവത്തിൽ ക്ഷമാപണം നടത്തിയുമുള്ള റിവോർട്ട് ബ്രൂവറി കമ്പനിയുടെ വികസന ഡയറക്ടർ ഗുഷിൻ റോമൻ്റെ ഇ മെയിൽ സന്ദേശം എബി ജെ ജോസിനു ലഭിച്ചു.

2019 ൽ ടിക്ടോക്ക് വീഡിയോയിലൂടെയാണ് ഇസ്രായേലിൽ ഗാന്ധിയുടെ ചിത്രം മദ്യക്കുപ്പിയിൽ പതിപ്പിച്ചിട്ടുണ്ടെന്ന വിവരം എബി അറിയുന്നത്. മാൽക്ക എന്ന കമ്പനിയുടേതായിരുന്നു മദ്യം. ഇസ്രായേലിന്റെ 70 മത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡീഷനായി പുറത്തിറക്കിയ മദ്യക്കുപ്പികളിലാണ് ഗാന്ധിജിയുടെ ചിത്രം ചേർത്തിരുന്നത്. കോട്ടും ബനിയനും കൂളിംഗ് ഗ്ലാസും ധരിപ്പിച്ചു ഗാന്ധിജിയെ കോമാളിയാക്കിയ നിലയിലുള്ള ചിത്രമായിരുന്നു മദ്യക്കുപ്പികളിൽ അച്ചടിച്ചിരുന്നത്. തുടർന്നു മദ്യത്തിനെതിരെ ജീവിതത്തിലൂടനീളം നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യൻ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ ചേർത്തത് അനാദരവാണെന്നു ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർക്ക് എബി പരാതി അയച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട ആം ആദ്‌മി പാർട്ടി എം. പി. ഇക്കാര്യം രാജ്യസഭയിൽ ഉന്നയിച്ചു. സംഭവത്തിൽ രാജ്യസഭ ഒന്നടങ്കം പ്രതിഷേധിച്ചു. രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു അടിയന്തിര നടപടി സ്വീകരിക്കാൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് നിർദ്ദേശം നൽകുകയും ഇതേത്തുടർന്നു ഇസ്രായേൽ മദ്യകമ്പനി ഖേദം പ്രകടിപ്പിച്ചു ചിത്രം പിൻവലിക്കുകയായിരുന്നു

ഈ സംഭവം പുറത്തു വന്നതോടെ ചെക്ക് റിപ്പബ്ളിക്കിൽ വിനോദസഞ്ചാരത്തിനു പോയ മലയാളികൾ അവിടെയും മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രവും പേരും ഉപയോഗിക്കുന്നത് കണ്ടു. ഇക്കാര്യം അവർ എബി ജെ. ജോസിനെ അറിയിച്ചു. തുടർന്ന് ചെക്ക് റിപ്പബ്ളിക് പ്രധാനമന്ത്രി ആൻഡ്രജ് ബാബെയ്‌സ് ഉൾപ്പെടെയുള്ളവർക്ക് ഗാന്ധിജിയുടെ ചിത്രം മദ്യക്കുപ്പികളിൽ അച്ചടിച്ച് പിവോവർ ക്രിക് എന്ന കമ്പനി അനാദരിച്ചതായി കാണിച്ച് പരാതി നൽകി. പിന്നീട് എബി ജെ. ജോസ് ഡൽഹിയിലെ ചെക്ക് റിപ്പബ്ളിക് എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി ചെക്ക് റിപ്പബ്ളിക്കിലെ വിദേശകാര്യ മന്ത്രാലയം വഴി നടപടി എടുപ്പിക്കുകയായിരുന്നു.

ഗാന്ധി നിന്ദയെക്കെതിരെ നിരവധി ഒറ്റയാൾ പോരാട്ടങ്ങൾ എബി നടത്തിയിട്ടുണ്ട്. പൂജ ശകുൻ പാണ്ഡെ ഗാന്ധിജിയുടെ ഫോട്ടോയിൽ പ്രതീകാരമായി വെടിയുതിർത്ത് രക്തം ഒഴുക്കിയതിനെതിരെയും എബി ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരുന്നതും ഇതിൽ ആളുകൾ ആഭിമുഖ്യം പുലത്തുന്നതിലുള്ള അസഹിഷ്ണുതയുമാണ് ഗാന്ധി നിന്ദ വർദ്ധിക്കാൻ കാരണമെന്ന് എബി ജെ ജോസ് ചൂണ്ടിക്കാട്ടി. 1950 ലെ ചിഹ്ന നാമആക്ട്, 1971ലെ നാഷണൽ ഹോണർ ആക്ട് എന്നിവ ഉപയോഗിച്ച് ഗാന്ധി നിന്ദയ്ക്കെതിരെ നടപടി സ്വീകരിക്കാനാവും. കേരളത്തിലും ഗാന്ധിജിയെ അധിക്ഷേപിക്കുന്ന നടപടികൾ വർദ്ധിച്ചുവരികയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാലായിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജിക്ക് ആദരവൊരുക്കാൻ ഗാന്ധിസ്ക്വയറും പ്രതിമയും എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ പാലാ മൂന്നാനിയിൽ നഗരസഭ അനുവദിച്ച സ്ഥലത്ത് സ്ഥാപിക്കുകയുണ്ടായി. കൂടാതെ എബിയുടെ വീട്ടുമുറ്റത്തും ഗാന്ധി പ്രതിമ സ്ഥാപിച്ച് ഗാന്ധിജിക്ക് ആദരവൊരുക്കിയിട്ടുണ്ട്.

ഫോട്ടോ അടിക്കുറിപ്പ്

  1. പൂജ ശകുൻ പാണ്ഡെയുടെ ഗാന്ധിനിന്ദക്കെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ ഒറ്റയാൾ പ്രതിഷേധം. (ഫയൽ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!