പത്തനംതിട്ട : അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്ര പോകുന്നവർക്ക് ഇനി ആശങ്ക വേണ്ടെന്നാണ് പൊലീസിന്റെ ഉറപ്പ്. വീടിന്റെ സുരക്ഷിതത്വം പൊലീസ് ഏറ്റെടുക്കും.
ഓണക്കാല അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം പൊലീസിനെ അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ ‘ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ’ എന്ന ലിങ്കിൽ ഇക്കാര്യം അറിയിക്കാം. ഇത്തരത്തിൽ വിവരം നൽകുന്നവരുടെ വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസംവരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും.യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകണം. ഗൂഗ്ൾപ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും പോൽ ആപ് ലഭ്യമാണെന്നും പൊലീസ് അറിയിക്കുന്നു. ദീർഘദൂര യാത്രകൾക്ക് പോകുമ്പോള് വീട്ടുടമസ്ഥൻ പോൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇത് സമീപത്തുള്ള പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുകയും ചെയ്യും.
സ്കൂളുകളും കോളജുകളുമൊക്കെ അവധിയായതിനാൽ വീടും പൂട്ടി യാത്ര പോകുന്നവർ ഏറെയാണ്. ഇത് പലപ്പോഴും മോഷ്ടാക്കൾ മുതലെടുക്കുന്ന സാഹചര്യത്തിലാണ് പൊലീസ് പദ്ധതി. പലപ്പോഴും അവധി ദിവസങ്ങൾ ആഘോഷിച്ച് തിരിച്ചുവന്നതിനുശേഷമായിരിക്കും വീട്ടിൽ മോഷണം നടന്ന വിവരം ഉടമസ്ഥർ അറിയുന്നത്.