കണ്ണൂർ സ്ഫോടനം: മരിച്ചയാളെ തിരിച്ചറിഞ്ഞു

കണ്ണൂർ : കണ്ണപുരം കീഴറയിൽ വാടകവീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ നൽകിയ പരാതിയിൽ എക്‌സ്‌പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്നയാളെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ ഇത് വ്യാജപേരാണെന്നും മുമ്പും സ്ഫോടന കേസുകളിൽ പ്രതിയായ കണ്ണൂർ അലവിൽ സ്വദേശി അനൂപാണ് ഇവിടെ താമസിച്ചിരുന്നതെന്നും വിവരമുണ്ട്. ഉത്സവങ്ങൾക്കുൾപ്പെടെ പടക്കമെത്തിക്കുന്നയാളാണ് അനൂപ്. സ്ഫോടനത്തിൽ ഇയാളുടെ തൊഴിലാളി ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്.2016ലെ പൊടിക്കുണ്ട് സ്ഫോടനക്കേസ് ഉൾപ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളിൽ നിസാര വകുപ്പുകൾ ചേർത്ത് പൊലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടിൽ ഉഗ്രസ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയിൽ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാൽ പടക്ക നിർമാണ വസ്തുക്കൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

സംഭവത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലേൽക്കുകയും ചെയ്തു. ഗോവിന്ദന്‍ എന്നയാളുടെ വീടാണ് അനൂപ് വാടകയ്ക്ക് എടുത്തിരുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!