പത്തനംതിട്ട : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. ‘ജലമാണ് ജീവൻ’ ജനകീയ കാംപെയ്ൻ ശനിയാഴ്ചയും ഞായറാഴ്ചയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവവകുപ്പ് എന്നിവയുടെ സഹകരണത്തോടെ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി അറിയിച്ചു. എല്ലാ ആരോഗ്യ പ്രവർത്തകരും സ്ഥാപനങ്ങളും പങ്കെടുക്കും.
വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റുചെയ്യുകയും ജലസംഭരണടാങ്കുകൾ തേച്ചുകഴുകി വൃത്തിയാക്കുകയും ചെയ്യണം.
വെള്ളത്തിലിറങ്ങുന്നവർ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
പൊതുജനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യവഴികൾ അടയ്ക്കലും ഉൾപ്പെടെ പൊതു ജലസ്രോതസ്സുകളിലെ ശുദ്ധി ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ തുടരും.