വന്ദേ ഭാരത് ട്രെയിനുകളിൽ അധിക കോച്ചുകൾ

ന്യൂഡൽഹി: തിരക്കേറിയ ഏഴ് റൂട്ടുകളിലൂടെ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ അധിക കോച്ചുകൾ നൽകാനുള്ള നീക്കവുമായി ഇന്ത്യൻ റെയിൽവേ. 20 കോച്ചുകളാണ് അധികമായി ചേർക്കുന്നത്. പാസഞ്ചർ ഒക്യുപൻസി വർദ്ധിച്ചതോടെയാണ് പുതിയ തീരുമാനം. 144 വന്ദേ ഭാരത് ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 102.1 ശതമാനം യാത്രക്കാരെയാണ് വന്ദേ ഭാരതിൽ രേഖപ്പെടുത്തിയത്. ഇക്കൊല്ലം ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 105.3 ശതമാനം യാത്രക്കാരും വന്ദേ ഭാരതിൽ യാത്ര നടത്തി.

മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ, സെക്കന്ദരാബാദ്-തിരുപ്പതി, ചെന്നൈ എഗ്മോർ-തിരുനെൽവേലി, മധുര-ബംഗളൂരു കാണ്ട്, ദിയോഗർ-വാരണസി, ഹൗറ-റൂർക്കേല, ഇൻഡോർ-നാഗ്‌പൂർ എന്നീ റൂട്ടുകളിലാണ് അധിക കോച്ചുകൾ ചേർക്കുന്നത്. 16 -കോച്ച് ട്രെയിൻ എന്നത് 20-കോച്ച് ആയും 8-കോച്ച് എന്നത് 16-കോച്ച് ആയും വിപുലീകരിക്കുകയാണ് ചെയ്യുന്നതെന്ന് റെയിൽവേ ഇൻഫർമേഷൻ ആന്റ് പബ്ളിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിലെ പാസഞ്ചർ ഒക്യുപൻസി കണക്കിലെടുത്താണ് തീരുമാനം.

മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, സെക്കന്ദരാബാദ് – തിരുപ്പതി, ചെന്നൈ എഗ്മോർ – തിരുനെൽവേലി എന്നീ മൂന്ന് വന്ദേ ഭാരത് റൂട്ടുകൾ 16 കോച്ചുകളിൽ നിന്ന് 20 ആയി വികസിപ്പിക്കാനാണ് തീരുമാനം. നിലവിൽ 8 കോച്ച് ട്രെയിനുകൾ സർവീസ് നടത്തുന്ന മറ്റ് നാല് റൂട്ടുകളുടെ എണ്ണം 16 ആയി വർദ്ധിപ്പിക്കുമെന്നും റെയിൽവെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!