എരുമേലി:ഇന്നലെ എരുമേലി ഇരുമ്പൂന്നിക്കരയിലാണ് സംഭവം. സാധാരണയായുള്ള പരിശോധനയുടെ ഭാഗമായി കിടപ്പുരോഗികളുടെ പരിചരണത്തിന് ചെന്ന പാലിയേറ്റീവ് സംഘം കണ്ടത് വീട്ടിൽ ബോധരഹിതനായി കിടക്കുന്ന വയോധികനെ. ഇരുമ്പൂന്നിക്കര അരയാണ്ടയിൽ വീട്ടിൽ സെബാസ്റ്റ്യൻ (76) ആണ് അവശ നിലയിലായിരുന്നത്. രാവിലെ ഭക്ഷണം കഴിച്ചതാണെന്നും പിന്നെ അൽപസമയം പതിവ് പോലെ പതിയെ നടത്തിച്ചുവെന്നും തുടർന്ന് ഉറക്കത്തിലായിരുന്നെന്നും വീട്ടുകാർ പറഞ്ഞു. പതിവ് പോലെയുള്ള ഉറക്കം ആണെന്നാണ് വീട്ടുകാർ കരുതിയത്. എന്നാൽ കുലുക്കി വിളിച്ചിട്ടും അനക്കം ഇല്ലന്ന് കണ്ടതോടെ ഉടനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതോടെ വയോധികന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. രക്തത്തിൽ പഞ്ചസാരയുടെ അളവ് 29 ആയി താഴ്ന്നതാണ് പ്രമേഹ രോഗിയായിരുന്ന വയോധികനെ അവശനിലയിലാക്കിയതെന്നും ഈ നിലയിൽ കുറച്ച് സമയം കൂടി തുടർന്നിരുന്നു എങ്കിൽ മരണം സംഭവിക്കാമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

പാലിയേറ്റീവ് കെയർ വിഭാഗത്തിലെ നഴ്‌സ് മറീന, ആശാ വർക്കർ ഗീതമ്മ, അബുലൻസ് ഡ്രൈവർ ചെറുവാഴക്കുന്നേൽ ഷിജോ എന്നിവർ ആണ് വയോധികൻ അതീവ അപകടനിലയിൽ ആണെന്ന് മനസിലാക്കി പെട്ടന്ന് തന്നെ പാലിയേറ്റീവിന്റെ ആംബുലൻസിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഒരു വർഷത്തെ സേവന കാലാവധി അവസാനിച്ചതിനെ തുടർന്ന് ഡ്രൈവർ ഷിജോയെ പിരിച്ചു വിടുകയും ഡ്രൈവർ നിയമനത്തിന് ഇക്കഴിഞ്ഞ 18 വരെ അപേക്ഷകൾ സ്വീകരിച്ച പഞ്ചായത്ത് നിയമന നടപടികൾ ആരംഭിക്കാനിരിക്കുകയാണ്. ഇതേ തുടർന്ന് ആംബുലൻസ് സേവനം നിർത്തി വെക്കേണ്ടി വന്നതോടെ 300 ഓളം കിടപ്പുരോഗികൾ ഉള്ള പഞ്ചായത്തിൽ ഡ്രൈവർ ഇല്ലാത്തത് മൂലം പാലിയേറ്റീവ് സേവനം തടസപ്പെടാതിരിക്കാൻ അധികൃതരുടെ നിർദേശപ്രകാരം ഷിജോ വീണ്ടും ജോലിയിൽ പ്രവേശിച്ചത് വയോധികന് സഹായമായി മാറുകയായിരുന്നു.
