ദേശീയ കായിക നയം 2025 ന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി : 01 ജൂലൈ 2025
ദേശീയ കായിക നയം (NSP) 2025 ന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം    നൽകി. രാജ്യത്തിന്റെ കായിക മേഖലയെ പുനർരൂപകൽപ്പന ചെയ്യുന്നതിനും കായിക വിനോദങ്ങളിലൂടെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സുപ്രധാന ഉദ്യമമാണിത്.നിലവിലുള്ള 2001-ലെ ദേശീയ കായിക നയത്തെ മറികടക്കുന്നതാണ് പുതിയ നയം. 2036-ലെ ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ മികവ് പുലർത്തുന്നതിനും, ഇന്ത്യയെ ആഗോള കായിക ശക്തികേന്ദ്രമായി സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള ദർശനാത്മകവും തന്ത്രപരവുമായ രൂപരേഖ ഈ നയം മുന്നോട്ട് വെക്കുന്നു.കേന്ദ്ര മന്ത്രാലയങ്ങൾ, നിതി ആയോഗ്, സംസ്ഥാന ഗവൺമെന്റുകൾ, ദേശീയ കായിക ഫെഡറേഷനുകൾ (NSF), കായികതാരങ്ങൾ, കായിക വിദഗ്ദ്ധർ, പൊതുജനങ്ങൾ എന്നിവരുമായി നടത്തിയ വിപുലമായ കൂടിയാലോചനകളുടെ ഫലമാണ് ദേശീയ കായിക നയം (NSP) 2025. ഈ നയം അഞ്ച് പ്രധാന സ്തംഭങ്ങളിലധിഷ്ഠിതമാണ്.1. ആഗോള തലത്തിലെ മികവ്ഈ സ്തംഭം ഇനിപ്പറയുന്നവ ലക്ഷ്യമിടുന്നു:പ്രതിഭകളെ നേരത്തെതന്നെ തിരിച്ചറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഉൾപ്പെടെ, താഴെത്തട്ടിൽ നിന്ന് ഉന്നത തലങ്ങൾ വരെയുള്ള കായിക പരിപാടികൾ ശക്തിപ്പെടുത്തുക.മത്സര ലീഗുകളും മത്സരങ്ങളും സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, ഒപ്പം ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.പരിശീലനം, കോച്ചിംഗ്, കായികതാരങ്ങൾക്ക് സമഗ്രമായ പിന്തുണ എന്നിവയ്ക്കായി ലോകോത്തര നിലവാരമുള്ള സംവിധാനങ്ങൾ സൃഷ്ടിക്കുക.ദേശീയ കായിക ഫെഡറേഷനുകളുടെ ശേഷിയും ഭരണ സംവിധാനവും വിപുലമാക്കുക.കായിക പ്രകടനം വർദ്ധിപ്പിക്കുന്നതിനായി സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ, സാങ്കേതികവിദ്യ എന്നിവ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക.പരിശീലകർ, സാങ്കേതിക ഉദ്യോഗസ്ഥർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുൾപ്പെടെയുള്ള കായികരംഗത്തെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക.2. കായികരംഗം സാമ്പത്തിക വികസനത്തിന് കായികരംഗത്തിന്റെ സാമ്പത്തിക സാധ്യതകളെ ദേശീയ കായിക നയം (NSP) 2025 തിരിച്ചറിയുന്നു. അതിലൂടെ ഇനിപ്പറയുന്ന കാര്യങ്ങൾ ലക്ഷ്യമിടുന്നു:കായിക ടൂറിസം പ്രോത്സാഹിപ്പിക്കുകയും പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയും ചെയ്യുക.കായിക ഉൽപ്പന്ന നിർമ്മാണ മേഖല ശക്തിപ്പെടുത്തുകയും ഈ രംഗത്തെ സ്റ്റാർട്ടപ്പുകളെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.പൊതു-സ്വകാര്യ പങ്കാളിത്തം (PPP-കൾ), കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR), നൂതന ധനസഹായ പദ്ധതികൾ എന്നിവയിലൂടെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.3.  കായികം സാമൂഹിക വികസനത്തിന്‌സാമൂഹിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കുന്നതിലുള്ള കായികമേഖലയുടെ പങ്കിന് ഈ നയം ഊന്നൽ നൽകുന്നു:സ്ത്രീകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, ആദിവാസി വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കിടയിൽ പ്രത്യേക പരിപാടികളിലൂടെ കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു.തദ്ദേശീയവും പരമ്പരാഗതവുമായ കളികളെ പുനരുജ്ജീവിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.കായികരംഗത്തെ വിദ്യാഭ്യാസവുമായി സംയോജിപ്പിച്ചും, സന്നദ്ധസേവനം പ്രോത്സാഹിപ്പിച്ചും, ഇരട്ട കരിയർ സാധ്യതകൾ ഒരുക്കിയും ഒരു പ്രായോഗിക തൊഴിൽ മാർഗമായി മാറ്റുന്നു.കായികരംഗത്തിലൂടെ പ്രവാസി ഇന്ത്യക്കാരെ മാതൃരാജ്യവുമായി ബന്ധിപ്പിക്കുന്നു.4. ഒരു ജനകീയ പ്രസ്ഥാനമെന്ന നിലയിലുള്ള കായിക വിനോദംകായികരംഗത്തെ ഒരു ദേശീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനായി, ഈ നയം ഇനിപ്പറയുന്നവ ലക്ഷ്യമിടുന്നു:രാജ്യവ്യാപകമായ പ്രചാരണങ്ങളിലൂടെയും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളിലൂടെയും ബഹുജന പങ്കാളിത്തവും ഫിറ്റ്നസ് സംസ്കാരവും പ്രോത്സാഹിപ്പിക്കുക.സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവയ്ക്കായി ഫിറ്റ്നസ് സൂചികകൾ ആരംഭിക്കുക.കായിക സൗകര്യങ്ങളിലേക്കുള്ള സാർവത്രിക പ്രവേശനം വർദ്ധിപ്പിക്കുക.5. വിദ്യാഭ്യാസവുമായുള്ള സംയോജനം (NEP 2020)ദേശീയ വിദ്യാഭ്യാസ നയം 2020-ന് അനുസൃതമായി, ദേശീയ കായിക നയം (NSP) 2025 ഇനിപ്പറയുന്നവ നിർദ്ദേശിക്കുന്നു:സ്പോർട്സ്, സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക.കായിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും അധ്യാപകർക്കും കായികാധ്യാപകർക്കും പ്രത്യേക പരിശീലനം നൽകുക.6. തന്ത്രപരമായ ചട്ടക്കൂട്ലക്ഷ്യ സാക്ഷാത്കാരത്തിനായി ദേശീയ കായിക നയം (NSP) 2025 സമഗ്രമായ നിർവഹണ തന്ത്രം മുന്നോട്ട് വെക്കുന്നു:ഭരണനിർവഹണം : നിയമപരമായ ചട്ടക്കൂട് ഉൾപ്പെടെ കായിക ഭരണനിർവഹണത്തിനായി ശക്തമായ നിയന്ത്രണ സംവിധാനം സ്ഥാപിക്കുക.സ്വകാര്യമേഖലയുടെ ധനസഹായവും പിന്തുണയും:  നൂതനമായ സാമ്പത്തിക സംവിധാനങ്ങൾ വികസിപ്പിക്കുകയും PPP- കൾ, CSR എന്നിവയിലൂടെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക.സാങ്കേതികവിദ്യയും നൂതനാശയങ്ങളും: പ്രകടന നിരീക്ഷണം, ഗവേഷണം, പദ്ധതി നടപ്പിലാക്കൽ എന്നിവയ്ക്കായി നിർമ്മിതബുദ്ധി (AI ), ഡാറ്റ അനലിറ്റിക്സ് എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക.ദേശീയ നിരീക്ഷണ ചട്ടക്കൂട്: വ്യക്തമായി നിർവചിക്കപ്പെട്ട മാനദണ്ഡങ്ങൾ, പ്രധാന പ്രകടന സൂചകങ്ങൾ (KPI-കൾ), സമയബന്ധിത ലക്ഷ്യങ്ങൾ എന്നിവയോടെ ഒരു ദേശീയ ചട്ടക്കൂട് സൃഷ്ടിക്കുക.സംസ്ഥാനങ്ങൾക്കായുള്ള മാതൃകാ നയം: ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ സ്വന്തം നയങ്ങൾ പരിഷ്കരിക്കുന്നതിനോ രൂപീകരിക്കുന്നതിനോ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും NSP 2025 ഒരു മാതൃകയായി വർത്തിക്കും.സമഗ്രമായ ഗവണ്മെന്റ് സമീപനം: സമഗ്രമായ സ്വാധീനം കൈവരിക്കുന്നതിനായി എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ, പദ്ധതികൾ, പരിപാടികൾ എന്നിവയിൽ കായിക പ്രോത്സാഹനം സമന്വയിപ്പിക്കാൻ ഈ നയം ആവശ്യപ്പെടുന്നു.ഘടനാപരമായ കാഴ്ചപ്പാടും ഭാവിയിലേക്കുള്ള തന്ത്രവും ഉപയോഗിച്ച്, ദേശീയ കായിക നയം 2025, ആരോഗ്യവാന്മാരും, സജീവ പങ്കാളിത്തമുള്ളവരും, ശാക്തീകരിക്കപ്പെട്ടവരുമായ പൗരന്മാരെ സൃഷ്ടിക്കുന്നതിനൊപ്പം, ആഗോളതലത്തിൽ ഒരു മുൻനിര കായിക രാഷ്ട്രമായി മാറുന്നതിനുള്ള പരിവർത്തന പാതയിലേക്ക് ഇന്ത്യയെ സജ്ജമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!