ന്യൂഡൽഹി : 2025 ഏപ്രിൽ 30
മേഘാലയയിലെ ഷില്ലോങ്ങിന് സമീപമുള്ള മൗലിങ്ഖുങ്ങ് മുതൽ അസമിലെ സിൽചറിന് സമീപം പഞ്ച്ഗ്രാം വരെയുള്ള ദേശീയ പാത ആറിന്റെ നാലുവരി ഗ്രീൻഫീൽഡ് നിയന്ത്രിത 166.80 കിലോമീറ്റർ ദൂരം, ഹൈബ്രിഡ് ആന്വിറ്റി മാതൃകയിൽ, 22,864 കോടിരൂപ മൂലധന ചെലവിൽ വികസന-പരിപാലന പ്രവർത്തനങ്ങൾ നടത്താനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയോഗം അംഗീകാരം നൽകി. മേഘാലയയിലെ 144.80 കിലോമീറ്റർ ദൂരവും അസമിലെ 22.00 കിലോമീറ്റർ ദൂരവും ഉൾപ്പെടുന്നതാണ് ആകെ 166.80 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി.
ഈ നിർദ്ദിഷ്ട ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി, ഗുവാഹാട്ടിയിൽ നിന്ന് സിൽചറിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തും. ഈ ഇടനാഴിയുടെ വികസനം ഗുവാഹാട്ടിയിൽ നിന്നും ത്രിപുര, മിസോറം, മണിപ്പുർ, അസമിലെ ബരാക് വാലി മേഖല എന്നിവയിലേക്കുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയും യാത്രാ ദൂരവും യാത്രാ സമയവും ഗണ്യമായി കുറയ്ക്കുകയും ചെയ്യും. ഇത് രാജ്യത്തിന്റെ ചരക്ക് നീക്കത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
ഈ പദ്ധതി അസമിനും മേഘാലയയ്ക്കും ഇടയിലുള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തും. കൂടാതെ മേഘാലയയിലെ സിമന്റ്, കൽക്കരി ഉൽപാദന മേഖലകളിലൂടെ കടന്നുപോകുന്നതിനാൽ മേഘാലയയിലെ വ്യവസായ മേഖലയുടെ വികസനം ഉൾപ്പെടെ സാമ്പത്തിക വികസനത്തിനും ഈ ഇടനാഴി സഹായകമാകും. ഗുവാഹാട്ടി വിമാനത്താവളം, ഷില്ലോങ് വിമാനത്താവളം, ഗുവാഹാട്ടിയെ സിൽചറുമായി ബന്ധിപ്പിക്കുന്ന സിൽചർ വിമാനത്താവളം (നിലവിലുള്ള എൻഎച്ച് -06 വഴി) എന്നിവിടങ്ങളിൽ എത്തുന്ന ദേശീയ-അന്തർദേശീയ വിനോദസഞ്ചാരികൾക്ക് ഈ ഇടനാഴി സൗകര്യമൊരുക്കും. വടക്കുകിഴക്കൻ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കുന്നതിനാൽ പ്രദേശത്തെ വിനോദസഞ്ചാര മേഖലയെ ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഗുവാഹാട്ടി, ഷില്ലോങ്, സിൽചർ എന്നിവിടങ്ങൾ തമ്മിലുള്ള അന്തർനഗര ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും റി ഭോയ്, ഈസ്റ്റ് ഖാസി ഹിൽസ്, വെസ്റ്റ് ജയന്തിയ ഹിൽസ്, മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ്, അസമിലെ കാച്ചാർ ജില്ല എന്നിവിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഈ നിർണായക അടിസ്ഥാനസൗകര്യ പദ്ധതി സഹായിക്കും. നിലവിലുള്ള ദേശീയപാത-06 ലെ തിരക്ക് കുറയ്ക്കുകയും പിഎം ഗതി ശക്തി ദേശീയ ആസൂത്രണ പദ്ധതിക്ക് അനുസൃതമായി ഗതാഗത അടിസ്ഥാനസൗകര്യ വികസനം വർദ്ധിപ്പിക്കുകയും ചെയ്യും.
NH-27, NH-106, NH-206, NH-37എന്നിവയുൾപ്പെടെയുള്ള പ്രധാന ഗതാഗത ഇടനാഴികളുമായി ഈ പദ്ധതി സംയോജിപ്പിക്കുകയും ഗുവാഹാട്ടി, ഷില്ലോങ്, സിൽചർ, ഡിയെങ്‌പസോ, ഉമ്മുലോങ്, ഫ്രാമർ, ഖ്ലിയേറിയത്ത്, റാത് ചെര, ഉംകിയാങ്, കലൈൻ എന്നിവിടങ്ങളിലേക്ക് സുഗമമായ ഗതാഗത സൗകര്യം നൽകുകയും ചെയ്യുന്നു.
ഷില്ലോങ് – സിൽചർ ഇടനാഴി പൂർത്തിയാകുമ്പോൾ, അത് പ്രാദേശിക സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കും. ഗുവാഹാട്ടി, ഷില്ലോങ്, സിൽചർ, ഇംഫാൽ, ഐസ്വാൾ, അഗർത്തല എന്നിവ തമ്മിലുള്ള ഗതാഗത ബന്ധം മെച്ചപ്പെടുത്തും. മേഘാലയ, അസം, മണിപ്പുർ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമൂഹിക-സാമ്പത്തിക വികസനം പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതി, ഗവൺമെന്റിന്റെ ‘ആത്മനിർഭർ ഭാരത്’ കാഴ്ചപ്പാടുമായി യോജിക്കുന്നു.
പദ്ധതി | വിശദാംശങ്ങൾ |
പദ്ധതിയുടെ പേര് | മേഘാലയയിലെ ഷില്ലോങ്ങിനടുത്തുള്ള മൗലിങ്ഖുങ്ങിൽ നിന്ന് അസമിലെ സിൽചറിന് സമീപം പഞ്ച്ഗ്രാം വരെയുള്ള ദേശീയ പാത 06ന്റെ 166.80 കിലോമീറ്റർ ദൂരം ഹൈബ്രിഡ് ആന്വിറ്റി രീതിയിൽ വികസനവും പരിപാലനവും. |
ഇടനാഴി | ഷില്ലോങ് – സിൽചർ (എൻഎച്ച്-06) |
ദൈർഘ്യം (km) | 166.8 Km |
ആകെ പൊതു ചെലവ് | 12,087 കോടി രൂപ |
ഭൂമി ഏറ്റെടുക്കൽ ചെലവ് | 3,503 കോടി രൂപ |
ആകെ മൂലധന ചെലവ് | 22,864 കോടി രൂപ |
രീതി | ഹൈബ്രിഡ് ആന്വിറ്റി മോഡ് (HAM) |
ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന റോഡുകൾ | NH-27, NH-106, NH-206, NH-37, SH-07, SH-08, SH-09, SH-38 |
ബന്ധിപ്പിക്കുന്ന സാമ്പത്തിക / സാമൂഹിക / ഗതാഗത നോഡുകൾ | വിമാനത്താവളങ്ങൾ: ഗുവാഹാട്ടി വിമാനത്താവളം, ഷില്ലോങ് വിമാനത്താവളം, സിൽചർ വിമാനത്താവളം |
ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ | ഗുവാഹാട്ടി, ഷില്ലോങ്, സിൽചർ, ഡിയെങ്ങ്പസോ, ഉമ്മുലോങ്, ഫ്രാമർ, ഖ്ലിയേറിയത്ത്, റാത് ചെര, ഉംകിയാങ്, കലൈൻ. |
തൊഴിൽ സൃഷ്ടിക്കാനുള്ള സാധ്യത | 74 ലക്ഷം തൊഴിൽ ദിനങ്ങൾ (നേരിട്ട്) & 93 ലക്ഷം തൊഴിൽ ദിനങ്ങൾ (പരോക്ഷമായി) |
2025 സാമ്പത്തിക വർഷത്തിൽ ശരാശരി വാർഷിക പ്രതിദിന ഗതാഗതം (AADT) | 19,000-20,000 പാസഞ്ചർ കാർ യൂണിറ്റുകൾ (PCU) ആയി കണക്കാക്കപ്പെടുന്നു |
SK MRD