‘ആരോഗ്യം ആനന്ദം, അകറ്റാം അർബുദം’  കാമ്പയിന് ജില്ലയിൽ തുടക്കം

കോട്ടയം: സംസ്ഥാന ആരോഗ്യ വകുപ്പ് അർബുദ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി
നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന് ജില്ലയിൽ
തുടക്കമായി. 30 മുതൽ 65 വയസു വരെയുള്ള സ്ത്രീകളിൽ സ്തനാർബുദം, ഗർഭാശയഗള
കാൻസർ എന്നിവയ്ക്ക് സ്‌ക്രീനിങ് നടത്തി പരിശോധനയും ചികിത്സയും
ഉറപ്പുവരുത്താനാണ് ക്യാമ്പയിൻ. ലോക കാൻസർ ദിനമായ ഫെബ്രുവരി നാലു മുതൽ
അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടുവരെയാണ് സ്ത്രീകൾക്കായുള്ള പ്രത്യേക
കാൻസർ പരിശോധന സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നത്.ക്യാമ്പയിന്റെ
ജില്ലാതല ഉദ്ഘാടനം പെരുവ സെന്റ് മേരിസ് കാത്തലിക് പാരിഷ് ഹാളിൽ കോട്ടയം
ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോസ് പുത്തൻകാലാ നിർവഹിച്ചു.
സ്തനാർബുദ, ഗർഭാശയഗള കാൻസറുകൾ നേരത്തേ കണ്ടെത്തി ചികിൽസിച്ചാൽ പൂർണമായും
സുഖപ്പെടുത്താവുന്നതായതിനാൽ സ്ത്രീകൾ കാൻസർ പരിശോധനയ്ക്ക്
സ്വയംസന്നദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലയിൽ ശൈലി ആപ്പ് വഴി
നടത്തിയ സർവേയിൽ കണ്ടെത്തിയ സാധ്യതാപട്ടികയിൽ ഉള്ളവരിൽ ഭൂരിഭാഗം പേരും തുടർ
പരിശോധനകൾക്ക് സന്നദ്ധരാകുന്നില്ലെന്നും അവർ അടുത്തുള്ള
ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധന നടത്തണമെന്നും മുഖ്യപ്രഭാഷണം നടത്തിയ
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ജോൺസൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു.  കാൻസർ
സ്‌ക്രീനിങ് ക്യാമ്പിന്റെ ഉദ്ഘാടനം മുളക്കുളം ഗ്രാമപഞ്ചായത് പ്രസിഡന്റ്
വാസുദേവൻ നായർ നിർവഹിച്ചു. ജില്ലാ പഞ്ചായത് ആരോഗ്യകാര്യ സ്ഥിരംസമിതി
അധ്യക്ഷ പി.എസ്. പുഷ്പമണി , കാൻസർ പ്രോഗ്രാം നോഡൽ ഓഫീസർ ഡോ പി.എൻ.
വിദ്യാധരൻ, ഞീഴൂർ ഗ്രാമപഞ്ചായത്ത്് പ്രസിഡന്റ് ശ്രീകല ദിലീപ്, വെള്ളൂർ
ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ.എൻ. സോണിക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം
മാനേജർ ഡോ. വ്യാസ് സുകുമാരൻ, അറുനൂറ്റിമംഗലം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ
ഓഫീസർ ഡോ. ജി. സ്വപ്ന, ജനപ്രതിനിധികൾ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ
സി.ജെ. ജെയിംസ് എന്നിവർ പങ്കെടുത്തു.ഫോട്ടോ കാപ്ഷൻ സംസ്ഥാന
ആരോഗ്യ വകുപ്പ് കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി നടപ്പാക്കുന്ന
‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം
പെരുവ സെന്റ് മേരിസ് കാത്തലിക് പാരിഷ് ഹാളിൽ ജില്ലാ പഞ്ചായത്ത് ആക്ടിംങ്
പ്രസിഡന്റ് ജോസ് പുത്തൻകാലാ നിർവഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!