തിരുവനന്തപുരം : 2025 ഫെബ്രുവരി 03 കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജന കാര്യ കായിക മന്ത്രാലയം മേരാ യുവ ഭാരത് നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പതിനാറാമത് പട്ടിക വർഗ യുവജന സാംസ്കാരിക വിനിമയ പരിപാടിയ്ക്ക് തുടക്കമായി. ഫെബ്രുവരി 3 മുതൽ 9 വരെ തിരുവനന്തപുരം കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ്
സെൻ്ററിലാണ് പരിപാടി നടക്കുക. പരിപാടിയിൽ പങ്കെടുക്കാനായി ഒഡീഷ, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സംഘങ്ങൾ തിരുവനന്തപുരത്ത്
എത്തിച്ചേർന്നു. യുവജന സംഘങ്ങൾക്ക് നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
പങ്കെടുക്കുന്നവർക്കായുള്ള ബ്രീഫിംഗ്, ഐസ് ബ്രേക്കിംഗ് സെഷനുകളും ഇന്ന്
നടന്നു.സംസ്ഥാന റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ
ഫെബ്രുവരി 4 നു രാവിലെ 9.30 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന കായിക യുവജനകാര്യ സെക്രട്ടറി മുഹമ്മദ് ഹനീഫ് IAS അധ്യക്ഷത
വഹിക്കുന്ന ചടങ്ങിൽ പദ്മശ്രീ ജേതാവ് ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ
മുഖ്യാതിഥിയാകും. ഒഡീഷ, ചണ്ഡീഗഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വികസന രംഗത്ത് പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ 200 യുവതി യുവാക്കളാണ്
ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. സി.ആർ. പി. എഫ്,
ബി എസ്. എഫ്., എസ്.എസ്. ബി എന്നിവിടങ്ങളിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ
അനുഗമിക്കുന്നുണ്ട്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വികസന
പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാനും രാഷ്ട്രനിർമ്മാണ പരിപാടികളിൽ
യുവജനങ്ങളെ പങ്കാളികളാക്കിക്കൊണ്ട് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും
ഉദ്ദേശിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹകരണത്തോടെ
നെഹ്റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്. ഒരാഴ്ച
നീണ്ടു നിൽകുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾക്ക്
പുറമെ സംഘാംഗങ്ങൾക്ക് കേരള നിയമസഭ, വിക്രംസാരാഭായ് സ്പേസ് സെന്റർ, ടെക്നോ പാർക്, സ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എന്നിവയിൽ പഠന യാത്രയും കോവളം ബീച്ച്, മ്യൂസിയം, മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംഘം ഈ മാസം 10ന് തിരിച്ചു പോകും.ഉദ്ഘാടന ചടങ്ങിൽ ജില്ലാ കളക്ടർ അനുകുമാരി IAS, പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ അഡി. ഡയറക്ടർ ജനറൽ വി. പളനിച്ചാമി IIS, കേന്ദ്ര ആഭ്യന്തര മന്ത്രാലയം LWE ഡിവിഷൻ സെക്യൂരിറ്റി അഡ്വൈസർ കേണൽ ആശിഷ് ശർമ്മ,നെഹ്റു യുവ കേന്ദ്ര സംഘാതൻ സ്റ്റേറ്റ് ഡയറക്ടർ അനിൽ കുമാർ എം, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാ പരിപാടികൾ അരങ്ങേറും.പട്ടികജാതി, പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളു, യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ, ഡോ. ശശി തരൂർ എം പി, മുൻ കേന്ദ്ര സഹ മന്ത്രി ശ്രീ. വി.മുരളീധരൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ
ഡോ.രേണുരാജ്, സബ് കളക്ടർ ആൽഫ്രഡ്, ഓ.വി IAS ,സെൻട്രൽ ബ്യൂറോ ഓഫ്
കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി പാർവതി IIS തുടങ്ങിയവരും വിവിധ ദിവസങ്ങളിലായി പരിപാടികളിൽ പങ്കെടുക്കും.