തിരുവനന്തപുരം : ഓട്ടോറിക്ഷകൾ മീറ്റർ ഇടാതെ സർവീസ് നടത്തുന്നതിന് തടയിടാൻ പുതിയ ആശയവുമായി മോട്ടോർവാഹന വകുപ്പ്. മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം.ഓട്ടോറിക്ഷാ തൊഴിലാളികൾ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റർ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോർ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയിൽ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത്. കഴിഞ്ഞദിവസം നടന്ന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.’മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കർ ഓട്ടോറിക്ഷകളിൽ പതിപ്പിക്കണമെന്ന ഉത്തരവ് ശനിയാഴ്‌ചയോ അല്ലെങ്കിൽ ഞായറാഴ്ചയോ പുറത്തിറങ്ങും. ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് സ്റ്റിക്കർ പതിക്കേണ്ടത്. എന്നാൽ ഇത് പ്രായോഗികമായി എത്രത്തോളം മുന്നോട്ടുപോകുമെന്ന സംശയം ഇതിനകം ഉയർന്നിട്ടുണ്ട്. സ്റ്റിക്കർ പതിക്കാൻ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും തയ്യാറാകുമോ എന്നകാര്യമാണ് ഇനി അറിയേണ്ടത്.