മേപ്പാടി : ദുരന്തത്തിനുശേഷം ജില്ലയില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക വിനോദസഞ്ചാരവും തിരിച്ചുവരാനൊരുങ്ങുന്നു. മഞ്ഞു പുതച്ച് കിടക്കുന്നതും ആകാശം മുട്ടിനില്‍ക്കുന്നതുമായ മനോഹരമായ കുന്നിന്‍ പ്രദേശങ്ങള്‍. നിത്യജലസ്രോതസ്സുകളായ കാട്ടരുവികള്‍, കൃഷ്ണശിലകളും പൂമരങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന താഴ്‌വരകള്‍, കണ്ണെത്താ ദൂരത്തോളം പരന്നും കുന്നുകള്‍ കയറിയറങ്ങിയും കിടക്കുന്ന തേയിലത്തോട്ടങ്ങള്‍ തുടങ്ങിയവയാണ് സഞ്ചാരികളെ വയനാട്ടിലെ പ്ലാന്റേഷന്‍ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നത്. മലയാളം പ്ലാന്റേഷന്‍ ഈ മേഖലയിലേക്ക് ടൂറിസ്റ്റുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.
വയനാട്ടിേലക്ക് ഓരോ വര്‍ഷവും ഏകദേശം 17.5 ലക്ഷം വിനോദ സഞ്ചാരികളാണ് എത്തിയിരുന്നത്. ടൂറിസത്തിലൂടെ മാത്രം 3165 കോടി രൂപയുടെ വരുമാനമാണ് ജില്ലയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ജൂലായ് 30-ന് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് പൂര്‍ണമായും നിലച്ചു. വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഈ മേഖലയിലെ സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുടെ നിരന്തര പരിശ്രമ ഫലമായി വയനാട്ടിലേക്ക് വിനോദ സഞ്ചാരികള്‍ വീണ്ടും എത്തിത്തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പ്ലാന്റേഷന്‍ ടൂറിസവും സാഹസിക ടൂറിസവും പുനരുജ്ജീവിപ്പാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് എസ്റ്റേറ്റ് മാനേജുമെന്റുകള്‍. സെന്റിനല്‍ റോക്ക്, അച്ചൂര്‍, ചുണ്ടേല്‍ എന്നീ എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് മലയാളം പ്ലാന്റേഷന്റെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അച്ചൂരിലെ ടീ മ്യൂസിയം, സിപ്പ് ലൈന്‍, തേയില ഫാക്ടറി സന്ദര്‍ശനം, പഴയ ബ്രിട്ടീഷ് ബംഗ്ലാവുകളിലെ താമസം. സ്‌കൈ ൈസക്ലിങ്, ജയന്റ് വിങ്, റോക്കറ്റ് ഇജക്ടര്‍, ബര്‍മാപാലം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, സെന്റ്‌നല്‍ റോക്ക് എസ്റ്റേറ്റില്‍പ്പെട്ട അട്ടമല കണ്ണാടിപ്പാലം, പുത്തുമലയിലെ സിപ്പ് ലൈന്‍, ബോച്ചെ 1000 ഏക്കര്‍ എസ്റ്റേറ്റിലെ ചുളിക്ക തേയിലത്തോട്ടത്തില്‍ ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന ബബിള്‍ ഹൗസുകള്‍, ഗ്ലാസ് ഹൗസുകള്‍, ജയന്റ് റിങ്, ടെന്റ് ഹൗസുകള്‍ തുടങ്ങിയവ സഞ്ചാരികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാണ്.
ദുരന്തശേഷം ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ ദിവസവും ഒരു കോടിരൂപയുടെ നഷ്ടമാണ് വയനാട്ടിലെ വിനോദസഞ്ചാര മേഖലയിലുണ്ടായത്. നേരിട്ടും അല്ലാതെയും വിനോദസഞ്ചാര മേഖലയില്‍ തദ്ദേശവാസികളായ 150 പേര്‍ക്ക് എച്ച്.എം.എല്‍. ജോലി നല്‍കുന്നുണ്ട്. ഈ മേഖല സജീവമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് മാനേജുമെന്റ് പ്രതീക്ഷിക്കുന്നത്.