തിരുവനന്തപുരം/കൊച്ചി: പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാട്(96) അന്തരിച്ചു. മണികണ്‌ഠേശ്വരത്തുള്ള മകളുടെ വസതിയില്‍ നിന്ന് മൃതദേഹം ഇന്ന് പുലര്‍ച്ചെ ജന്മനാടായ തൃപ്പൂണിത്തുറ എരൂരിലെ എളംപ്രക്കോടത്തു മനയില്‍ കൊണ്ടുവരും. 11 മണിയോടെ തറവാട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഭാര്യ: പൂഞ്ഞാര്‍ കോവിലകത്ത്, പരേതയായ ഭവാനിത്തമ്പുരാട്ടി. മക്കള്‍: മഞ്ജുള വര്‍മ്മ (കാത്തലിക് സിറിയന്‍ ബാങ്ക്), അജയവര്‍മ്മ രാജ (ഏഷ്യാനെറ്റ്) രഞ്ജിനി വര്‍മ്മ. മരുമക്കള്‍: മോഹനവര്‍മ്മ (പാലിയേക്കര കൊട്ടാരം, തിരുവല്ല), രസികാവര്‍മ്മ (പൂക്കോട്ടു മഠം, ഇടപ്പള്ളി), ശിവപ്രസാദ് വര്‍മ്മ ,കൊടുങ്ങല്ലൂര്‍ കോവിലകം).
മിത്രന്‍ നമ്പൂതിരിപ്പാട് പല പ്രമുഖരുടെയും ജ്യോതിഷ ഉപദേഷ്ടാവായിരുന്നു. കെ.ജെ. യേശുദാസ് ആദ്യകാലം മുതല്‍ ഇദ്ദേഹത്തെ കാണാന്‍ പൂഞ്ഞാറില്‍ എത്തിയിരുന്നു. മൃദംഗത്തില്‍ പ്രാവണ്യം നേടിയിട്ടുണ്ട്. മിത്രന്‍ നമ്പൂതിരിപ്പാടിന്റെയും ഭവാനി തമ്പുരാട്ടിയുടെയും ശിഷ്യരില്‍ ഒരാളാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സ്വദേശം തൃപ്പൂണിത്തുറയായിരുന്നുവെങ്കിലും പൂഞ്ഞാര്‍ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ ഭവാനി തമ്പുരാട്ടിയെ 1956ല്‍ വിവാഹം കഴിച്ചതോടെ പൂഞ്ഞാറ്റിലായി താമസം.ഭവാനി തമ്പുരാട്ടി തിരുവനന്തപുരം സ്വാതി തിരുനാള്‍ അക്കാദമിയില്‍ നിന്ന് ഗാനഭൂഷണത്തില്‍ ഉന്നത വിജയം നേടിയപ്പോള്‍ മിത്രന്‍ നമ്പൂതിരിപ്പാട് തഞ്ചാവൂരില്‍ നിന്നും ഭരതനാട്യത്തില്‍ ഉന്നത ബഹുമതി കരസ്ഥമാക്കി. പൂഞ്ഞാറില്‍ ആദ്യമായി ശാസ്ത്രീയ നൃത്തം പരിചയപ്പെടുത്തിയ വ്യക്തിയാണ്. വേദപഠനത്തില്‍ പ്രാഗത്ഭ്യം നേടി പൂഞ്ഞാറില്‍ വന്നശേഷമാണ് ജ്യോതിഷ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.