ന്യൂഡൽഹി: ഈടും ജാമ്യവുമില്ലാതെ നിർദ്ധന വിദ്യാർത്ഥികൾക്ക് സൗജന്യ ഉന്നതവിദ്യാഭ്യാസ വായ്‌പയൊരുക്കുന്ന പി.എം-വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാംഗീകാരം. 860 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന അർഹരായ 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇത് സഹായകമാകും.ബാങ്കുകൾക്ക് പിന്തുണയായി, 7.5 ലക്ഷം രൂപവരെയുള്ള വായ്‌പയ്‌ക്ക് കേന്ദ്ര സർക്കാർ 75% ഈട് നൽകും. സർക്കാർ സ്കോളർഷിപ്പ് അടക്കം ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്ത 8 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക്, 3% പലിശ ഇളവോടെ 10 ലക്ഷം രൂപ വരെയുള്ള വായ്‌പ ലഭിക്കും. പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ ഇളവ് നൽകും. 4.5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മുഴുവൻ പലിശ ഇളവ്.
ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ (ക്യു.എച്ച്.ഇ.ഐ) പ്രവേശനം നേടുന്ന വിദ്യാർത്ഥിക്ക് പദ്ധതി വഴി മുഴുവൻ ട്യൂഷൻ ഫീസും മറ്റ് ചെലവുകളും വഹിക്കുന്നതിന് ബാങ്കുകളിൽനിന്നും ഈടുരഹിത-ജാമ്യരഹിത വായ്പ.
സർക്കാർ സ്ഥാപനങ്ങളിൽ സാങ്കേതിക/പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന
പദ്ധതിക്കായി 2024-25 മുതൽ 2030-31 വരെ 3600 കോടി രൂപ വകയിരുത്തി.
അപേക്ഷ ഡിജിറ്റൽ പ്രക്രിയയിലൂടെ.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പിഎം-വിദ്യാലക്ഷ്മി ഏകീകൃത പോർട്ടൽ.
വായ്‌പയ്‌ക്കും പലിശ ഇളവിനും ലളിതമായ അപേക്ഷ.