ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് മാത്രമായി വാട്സ് ആപ് ഗ്രൂപ്പ്; വിവാദമുയർന്നതോടെ  ഗ്രൂപ്പ് കാണാനില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതായി റിപ്പോർട്ട്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐ.എ. എസ് അഡ്മിനായാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്.

വിവാദമായതിനെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. തുടർന്ന് തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നുമാണ് ഗോപാലകൃഷ്ണൻ നൽകുന്ന വിശദീകരണം. മലയാളികളായ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസമാണ് വാട്സ് ആപ് ഗ്രൂപ് ഉണ്ടാക്കിയത്.ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിൻറെ ആശങ്ക ഗോപാലകൃഷ്ണൻ ഐ.എ.എസിനെ അറിയിച്ചെന്നാണ് വിവരം. അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണൻറ സന്ദേശമെത്തി. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അറിയിപ്പും നൽകി.

ഉന്നത ഉദ്യോഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർധ ഉണ്ടാക്കും വിധത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ആരാണെന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തെ കുറിച്ച് സർക്കാർ വിശദീകരണം തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!