എരുമേലി: റബർ എസ്റ്റേറ്റിൽ വനിതാ തൊഴിലാളി ടാപ്പിംഗ് ജോലി ചെയ്തുകൊണ്ടിരിക്കെ തൊട്ടടുത്ത് മറ്റൊരു തൊഴിലാളി കള നാശിനി തളിച്ചതിനെത്തുടർന്ന് ബോധരഹിതയായി വീണെന്ന് പരാതി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വനിതാ തൊഴിലാളിയെ വിദഗ്ധ ചികിത്സയ്ക്ക് റഫർ ചെയ്തു. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ എട്ടോടെ എരുമേലി പേരൂർത്തോട് ഭാഗത്ത് റബർ എസ്റ്റേറ്റിലാണ് സംഭവം. പേരൂർത്തോട് സ്വദേശിനി ഐരേക്കാവ് ഷീബ ജോർജാ(44)ണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയും തുടർന്ന് ബോധരഹിതയാവുകയും ചെയ്തത്. വിവരം അറിഞ്ഞ് ഭർത്താവ് എത്തിയാണ് എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖത്തും ശരീരത്തും അലർജിയുടെ ലക്ഷണങ്ങൾ പ്രകടമാണെന്ന് അറിയിച്ച ഡോക്ടർമാർ പ്രാഥമിക ചികിത്സ നൽകിയ ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കള നാശിനിയിൽ നിന്നുണ്ടായ തീവ്ര വിഷബാധയാണ് അസ്വസ്ഥത ഉണ്ടാക്കിയതെന്ന് സംശയമുണ്ട്.
സംഭവം സംബന്ധിച്ച് എസ്റ്റേറ്റിൽ അന്വേഷണവും പരിശോധനയും നടത്തിയെന്ന് എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു.