കോട്ടയം: കാർഷിക മേഖലയിൽ ചെലവുകുറഞ്ഞ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിലേക്ക് (സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ-സ്മാം) ഫെബ്രുവരി ഒന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം.

പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌ക്കരണ, മൂല്യവർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും കർഷകർക്ക് സബ്സിഡിയോടെ ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവുമാണ് നൽകുന്നത്. യന്ത്രവൽക്കരണത്തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ടു ലക്ഷം രൂപ വരെ സഹായം നൽകും.

2023- 2024 സാമ്പത്തിക വർഷത്തിലെ കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും കർഷകരുടെ കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ തുടങ്ങിയവരുടെ അപേക്ഷ ഫെബ്രുവരി ഒന്ന് മുതൽ ഓൺലൈനായി നൽകാം. http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്ന ഗ്രൂപ്പുകൾക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമായി ഉണ്ടായിരിക്കണം. കുറഞ്ഞത് എട്ടംഗങ്ങൾ എങ്കിലും ഗ്രൂപ്പുകളിൽ ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം ബന്ധപ്പെട്ട അപേക്ഷകളുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ കോട്ടയം ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നൽകണം. രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് മൂന്ന് വർഷമെങ്കിലും നല്ല നിലയിൽ പ്രവർത്തിച്ച ഗ്രൂപ്പുകൾക്ക് മുൻഗണന നൽകും.

ഓൺലൈൻ അപേക്ഷയുടെ മുൻഗണനാക്രമവും ബന്ധപ്പെട്ട രേഖകളുടെ ഭൗതിക പരിശോധനയും അനുസരിച്ച് അർഹരായ അപേക്ഷകർക്ക് പെർമിറ്റ് അനുവദിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷ പരിഗണിക്കില്ല. വിശദവിവരത്തിന് ഫോൺ: 0481- 2561585, 9400184590.

LEAVE A REPLY

Please enter your comment!
Please enter your name here