പത്തനംതിട്ട: ബി.എഡ്. കോഴ്‌സ് രാജ്യമൊട്ടാകെ നാലുവർഷത്തിലേക്ക് മാറുമ്പോൾ കേരളത്തിൽ അതിന്റെ പാഠ്യപദ്ധതിയും രണ്ട് രീതിയിലേക്ക്. കേന്ദ്രത്തിൽ പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്ന നടപടി അവസാനഘട്ടത്തിൽ കേന്ദ്രം എത്തിയപ്പോൾ, പ്രത്യേക പാഠ്യപദ്ധതിയുണ്ടാക്കാൻ കേരളം ശ്രമം തുടങ്ങിയിട്ടേയുള്ളൂ.ബിരുദപഠനംകൂടി ചേ‌ർത്ത നാലുവർഷ ബി.എഡ്. കോഴ്‌സാണ് രാജ്യത്ത് വേണ്ടതെന്ന് ദേശീയ വിദ്യാഭ്യാസനയത്തിൽ ശുപാർശചെയ്യുന്നുണ്ട്. 2030 മുതൽ ഈ ബി.എഡ്. മാത്രമേ രാജ്യത്ത് ഉണ്ടാകാൻ പാടുള്ളൂ എന്നാണ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ നിർദേശം. രാജ്യത്തെ സർവകലാശാലകളാണ് നാലു വർഷ ബി.എഡ്. കോഴ്‌സ് നടത്തേണ്ടത്.എൻ.സി.ടി.ഇ.യുടെ കരട് പാഠ്യപദ്ധതി ആറുമാസം മുമ്പാണ് പ്രസിദ്ധീകരിച്ചത്. ഇതിൻമേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചശേഷം അന്തിമ പാഠ്യപദ്ധതിയുടെ ജോലികൾ നടക്കുന്നു. മൂന്നുമാസത്തിനകം അന്തിമ പാഠ്യപദ്ധതിവരും.സംസ്ഥാനത്ത് ഒരു സർവകലാശാലയിലും നാലുവർഷ ബി. എഡ്. തുടങ്ങിയിട്ടില്ല. എന്നാൽ, കേന്ദ്രസർവകലാശാല കാസർകോട് കാമ്പസ്, കോഴിക്കോട് എൻ.ഐ.ടി. എന്നിവിടങ്ങളിൽ ഈ കോഴ്‌സ് തുടങ്ങി. എൻ.സി.ടി.ഇ. തയ്യാറാക്കിയ കരടുപാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി സിലബസ് ഉണ്ടാക്കിയാണ് ഈ സ്ഥാപനങ്ങൾ കോഴ്‌സുകൾ തുടങ്ങിയത്. എൻ.സി.ടി.ഇ.യുടെ അനുമതിയോടെയാണിത്.കേരളത്തിൽ, ചെയർമാൻ അടക്കമുള്ള ആറംഗ കമ്മിറ്റിയെ നാലുവർഷ ബി.എഡിന്റെ പാഠ്യപദ്ധതി രൂപവത്കരിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്.ഡോ. മോഹൻ ബി.മേനോനാണ് ചെയൻമാൻ, ഡോ.ടി. മുഹമ്മദ് സലീം, പ്രൊഫ. കെ. അനിൽകുമാർ, ഡോ. ജെ.വി. ആശ, പ്രൊഫ. സുരേഷ്, ഡോ.കെ.എസ്. സാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.കേന്ദ്ര ചട്ടക്കൂടിൽനിന്ന് വേറിട്ടൊരു പാഠ്യപദ്ധതി നാലുവർഷ ബി.എഡിന് സ്വീകരിച്ചാൽ കോഴ്സിന്റെ രാജ്യവ്യാപകമായ അംഗീകാരത്തിന് പ്രശ്‌നം ഉണ്ടാകും. യു.ജി.സി. ഗ്രാന്റുകളേയും ബാധിക്കാനിടയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here