ന്യൂ ഡൽഹി: ഫെബ്രുവരി 3, 2024മുതിർന്ന നേതാവ് ശ്രീ ലാൽ കൃഷ്ണ അദ്വാനിക്കു രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം സമ്മാനിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ശ്രീ എൽ കെ അദ്വാനിയുമായി സംസാരിച്ച ശ്രീ മോദി ഈ നേട്ടത്തിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:“ശ്രീ എൽ കെ അദ്വാനിജിക്കു ഭാരതരത്നം നൽകുമെന്ന കാര്യം പങ്കുവയ്ക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ അദ്ദേഹത്തോടു സംസാരിക്കുകയും ഈ ബഹുമതി ലഭിച്ചതിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ അ​ദ്ദേഹം, ഇന്ത്യയുടെ വികസനത്തിനു നൽകിയ സംഭാവനകൾ മഹത്തരമാണ്. താഴേത്തട്ടിൽ പ്രവർത്തിച്ചുതുടങ്ങി നമ്മുടെ ഉപപ്രധാനമന്ത്രി എന്ന നിലയിൽ രാഷ്ട്രത്തെ സേവിക്കുന്നതുവരെയുള്ള ജീവിതമാണ് അദ്ദേഹത്തിന്റേത്. നമ്മുടെ ആഭ്യന്തരമന്ത്രി, വാർത്താവിതരണ-പ്രക്ഷേപണമന്ത്രി എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്റെ പാർലമെന്ററി ഇടപെടലുകൾ എല്ലായ്പോഴും മാതൃകാപരവും സമ്പന്നമായ ഉൾക്കാഴ്ചകൾ നിറഞ്ഞതുമാണ്”.“സുതാര്യതയോടും സമഗ്രതയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും രാഷ്ട്രീയ ധാർമ‌ികതയിൽ മാതൃകാപരമായ നിലവാരവും സ്ഥാപിക്കുന്നതായിരുന്നു അദ്വാനിജിയുടെ പൊതുജീവിതത്തിലെ പതിറ്റാണ്ടുകൾ നീണ്ട സേവനം. ദേശീയ ഐക്യത്തിനും സാംസ്കാരിക പുനരുജ്ജീവനത്തിനുമായി സമാനതകളില്ലാത്ത ശ്രമങ്ങൾ അദ്ദേഹം നടത്തി. അദ്ദേഹത്തിനു ഭാരതരത്നം ലഭിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമായ നിമിഷമാണ്. അദ്ദേഹവുമായി ഇടപഴകാനും അദ്ദേഹത്തിൽനിന്നു പഠിക്കാനും അസംഖ്യം അവസരങ്ങൾ ലഭിച്ചുവെന്നത് എന്റെ ബഹുമതിയായി ഞാൻ എല്ലായ്പോഴും കണക്കാക്കും.”

LEAVE A REPLY

Please enter your comment!
Please enter your name here