ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിലെ സെപ്റ്റിക് ലേബർ റൂമിൽ പ്രവേശിപ്പിച്ചിരുന്ന രോഗി സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത് പരിഭ്രാന്തി പരത്തി. ഇക്കഴിഞ്ഞ ദിവസമാണ് ഉത്തരേന്ത്യക്കാരിയായ ഇവർ ആശുപത്രിയിൽ നിന്നു രക്ഷപ്പെട്ടത്. മണിക്കൂറുകൾക്കു ശേഷമാണ് രോഗി കാണാതായ വിവരം ആശുപത്രി ജീവനക്കാർ അറിയുന്നത്. ഗർഭിണിയെ തിരക്കി ജീവനക്കാർ ആശുപത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ വെള്ളറടയിലെ വീട്ടിൽ എത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. കർശന നിയന്ത്രണങ്ങൾ നിലവിലുള്ള ആശുപത്രിയിൽ നിന്ന് രോഗി പുറത്തുകടന്നത് വൻ സുരക്ഷാവീഴ്ചയായാണ് കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ഒ.പി വിഭാഗത്തിൽ ഗർഭിണിയെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സയ്ക്ക് എത്തിയ യുവതി ബന്ധുക്കളെയും സുരക്ഷാജീവനക്കാരെയും വെട്ടിച്ച് പുറത്തുകടന്നത് പരിഭ്രാന്തി പരത്തിയിരുന്നു. മൂന്ന് ദിവസത്തിനു ശേഷമാണ് മെഡിക്കൽ കോളേജ് പൊലീസിനെ വട്ടം കറക്കിയ യുവതിയെ കണ്ടെത്താനായത്. ചികിത്സാപ്പിഴവും മറ്റും ആരോപിച്ച് ഗർഭിണികൾ ഉൾപ്പെടെയുള്ള രോഗികൾ ഇറങ്ങിപ്പോകുന്നത് പതിവായിട്ടും പ്രശ്നപരിഹാരത്തിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here