തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിന്‍റെ ഘടനയിൽ വൻഅഴിച്ചുപണി വരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ (എ.ഇ.ഒ), ജില്ല വിദ്യാഭ്യാസ ഓഫിസർ (ഡി.ഇ.ഒ) എന്നിവരിൽനിന്ന് അധ്യാപക നിയമനാംഗീകാര പദവി എടുത്തുമാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാക്കും.

ഇതിനുള്ള കേരള വിദ്യാഭ്യാസ നിയമ ഭേദഗതി, കേരള വിദ്യാഭ്യാസ ചട്ടഭേദഗതി (കെ.ഇ.ആർ) എന്നിവയുടെ കരട് സർക്കാറിന്‍റെ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാഭ്യാസ മേഖലയിൽ പലതും പഴക്കംചെന്ന നിയമങ്ങളാണ്. അവ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ എയ്ഡഡ് മേഖലയിൽ എൽ.പി, യു.പി സ്കൂളുകളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് എ.ഇ.ഒമാരും ഹൈസ്കൂളിലേത് ഡി.ഇ.ഒമാരുമാണ്. ഇതാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറിലേക്ക് നിക്ഷിപ്തമാക്കാൻ നിയമ/ചട്ടഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.എ.ഇ.ഒ, ഡി.ഇ.ഒ തലത്തിലുള്ള നിയമനാംഗീകാര നടപടികൾ കാലതാമസം വരുത്തുന്നെന്ന കാരണംപറഞ്ഞാണ് സർക്കാർ ഏറ്റെടുക്കുന്നത്. വിദ്യാഭ്യാസ ഓഫിസുകളുടെ ഘടനയിലും മാറ്റമുണ്ടാകും. എ.ഇ.ഒ, ഡി.ഇ.ഒ ഓഫിസുകൾ ഇല്ലാതാക്കി േബ്ലാക്ക്/ കോർപറേഷൻ തലങ്ങളിൽ വിദ്യാഭ്യാസ ഓഫിസുകൾ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. ഒന്നുമുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാഭ്യാസത്തിനായി സർക്കാർ മേഖലയിലെ അധ്യാപകരുടെ പ്രമോഷൻ തസ്തികകളിലുൾപ്പെടെ മാറ്റത്തിന് നിർദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here