ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി

പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്

നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക പത്ത്‌ലക്ഷമാക്കി ഉയര്‍ത്തി

വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാല്‍ 112 -ാമത് അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തിനുള്ള ക്രമീകരണങ്ങള്‍ മികച്ച രീതിയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചെറുകോല്‍പ്പുഴ ശ്രീ വിദ്യാധിരാജ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി നാല് മുതല്‍ 11 വരെ നടത്തുന്ന ഹിന്ദുമത പരിഷത്തിനായി എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടാക്കാതെ ഇറിഗേഷന്‍ വകുപ്പ് പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കും. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് മികവുറ്റതാക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടേയും സംഘാടകസമിതിയുടേയും നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടക്കുന്നത്. അയിരൂര്‍ -ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് ഉണര്‍വ് നല്‍കുന്ന മതേതര കാഴ്ചപ്പാടാണെന്നും അത് വര്‍ഷംതോറും മെച്ചപ്പെടുത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും പരിഷത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തുക ഇത്തവണ പത്ത്‌ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാതി-മതഭേദമന്യേ ആളുകള്‍ പങ്കെടുക്കുന്ന പരിഷത്ത് ഏറ്റവും സുഗമമായ രീതിയില്‍ നടത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ തലത്തില്‍ നടത്തുന്നതെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പമ്പയുടെ തീരത്തെ വെളിച്ചമാണ് പരിഷത്ത്. പരിഷത്ത് കഴിയുമ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ കേരളത്തിന് മാതൃകയാകണം. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി പ്രത്യേക പ്ലാന്‍ ഉണ്ടാക്കണം.

കണ്‍വന്‍ഷന് തടസമുണ്ടാകാത്ത രീതിയില്‍ പമ്പയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരിഷത്ത് നഗറിലെ താല്‍ക്കാലിക പാലത്തിന്റെ സുരക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തും. പരിഷത്ത് നഗറിന്റെ പരിസരത്തുള്ള കാടും പടര്‍പ്പുകളും മണ്‍പുറ്റുകളും ഉടനടി മേജര്‍ ഇറിഗേഷന്‍ നീക്കം ചെയ്യും. പരിഷത്ത് നഗറിലേക്കുള്ളത് ഉള്‍പ്പെടെയുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം നടത്തും.

പരിഷത്തിന് എത്തുന്നവരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. അയിരൂര്‍- ചെറുകോല്‍പ്പുഴയിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിതരണം കെഎസ്ഇബി ഉറപ്പാക്കും. പ്രവര്‍ത്തനരഹിതമായ വഴിവിളക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റി കണ്‍വന്‍ഷന്‍ സ്ഥലത്തും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍വര്‍ഷങ്ങളിലേത് പോലെ ഏര്‍പ്പെടുത്തും.

ഡിസ്‌പെന്‍സറുകളുടേയും ടാപ്പുകളുടേയും എണ്ണം കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിപ്പിക്കും. രണ്ട് ആര്‍.ഒ യൂണിറ്റുകളും അഞ്ച് വാട്ടര്‍ കിയോസ്‌ക്കുകളും പരിഷത്ത് നഗറില്‍ സ്ഥാപിക്കും. പരിഷത്ത് നഗറില്‍ ആരോഗ്യവകുപ്പ് പ്രഥമശുശ്രൂഷയ്ക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. നഗറില്‍ താത്കാലിക ഡിസ്‌പെന്‍സറിയും ആംബുലന്‍സ് സൗകര്യവും ക്രമീകരിക്കും. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

പരിഷത്ത് നഗറിലെ പാര്‍ക്കിംഗ്, ക്രമസമാധാനപാലനം, ഗതാഗത നിയന്ത്രണം, എന്നിവ പോലീസ് നിര്‍വഹിക്കും. പോലീസ് കണ്‍ട്രോള്‍ റൂം പരിഷത്ത് നഗറില്‍ ആരംഭിക്കും. പരിഷത്ത് നഗറിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പന, നിരോധിത ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അയിരൂര്‍, ചെറുകോല്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവ് വിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും അടിയന്തിരമായി പൂര്‍ത്തിയാക്കും.

റോഡിന്റെ വശങ്ങളിലുള്ള അനധികൃത കച്ചവടം ഒഴിപ്പിക്കും. പരിഷത്ത് കാലയളവില്‍ യാചക നിരോധനം ഏര്‍പ്പെടുത്തും. താത്കാലിക ശുചിമുറികള്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തും. പരിഷത്തിനോട് അനുബന്ധിച്ച് പമ്പാ നദിയില്‍ ഉണ്ടാകുന്ന മാലിന്യം നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്വീകരിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നീ വകുപ്പുകള്‍ പന്തല്‍, വൈദ്യുതി, എന്നിവയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പരിശോധിക്കും.

അയിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍, ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടര്‍ ടി ജി ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍, സെക്രട്ടറി എ ആര്‍ വിക്രമന്‍പിള്ള, വൈസ് പ്രസിഡന്റ് കെ ഹരിദാസ്, റാന്നി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി അംബിക, പത്തനംതിട്ട സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഹരികൃഷ്ണന്‍, എക്‌സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ജി കാര്‍ത്തിക തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here