കൊച്ചി: അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എൻഐഎ ഇന്ന് കൊച്ചി കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടില്ലെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 13 വർഷമായി ഒളിവിലായിരുന്ന ഒന്നാം പ്രതിയായ സവാദിനെ കണ്ണൂരിൽ നിന്നാണ് കഴിഞ്ഞ മാസം എൻഐഎ അറസ്റ്റ് ചെയ്തത്. സവാദിനെ കൂടി ഉൾപ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻ ഐ എ ഉടൻ കോടതിയിൽ സമർപ്പിക്കും.

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയെന്ന് ആരോപിച്ച് 2010 ജൂലായ് ആറിനാണ് പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കഴിഞ്ഞവര്‍ഷം ജൂലായ് 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില്‍ മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയും 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും മൂന്നുവർഷം വീതം തടവിനും വിധിച്ചിരുന്നു. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here