ഏലൂർ : പൊതുജനാരോഗ്യരംഗത്ത് എളുപ്പത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ നഗരസഭയിൽ ആരംഭിച്ച ഹെൽത്ത് ആന്റ് വെൽനസ് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മുന്നൂറിൽ അധികം ഹെൽത്ത് ആന്റ് വെൽനസ് സെൻ്ററുകളാണ് കേരളത്തിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്. യാത്രകൾ ഒഴിവാക്കി വീടിന് തൊട്ടടുത്ത് മികച്ച ചികിത്സ  ഹെൽത്ത് ആന്റ് വെൽനസ് സെൻ്റർ വഴി സാധ്യമാകും. നഗരസഭയിലെ ഹെൽത്ത് സെൻ്റർ, അതിനോട് ചേർന്നുള്ള ഓപ്പൺ ജിം, പാർക്ക് എന്നിവയും രണ്ട് ഹെൽത്ത് ആന്റ് വെൽനസ് സെൻ്ററുകളും നഗരസഭയിലെ ഏതൊരാൾക്കും എളുപ്പത്തിൽ മികച്ച ചികിത്സ ഉറപ്പാക്കും.  

പൊതുജന സംവിധാനത്തിനകത്ത് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ എറണാകുളം മെഡിക്കൽ കോളേജിൽ നിർമ്മാണം ആരംഭിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്  മെയ് മാസത്തിനു മുമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലയിൽ സർക്കാർ മേഖലയിൽ ന്യൂറോ സർജന്മാർ ഇല്ല. ഈ കുറവ് കൂടി നികത്തി 42 ന്യൂറോസർജൻ പോസ്റ്റ് കൂടി ഉറപ്പാക്കിയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ഉപകരണങ്ങൾ എത്തുന്നതിന്റെ താമസം കൂടി കഴിഞ്ഞാൽ ക്യാൻസർ റിസർച്ച് സെൻ്ററിന്റെ ഉദ്ഘാടനവും ഈ വർഷം നടത്തും. 

ഏലൂർ നഗരസഭയിലെ മുട്ടാർ – മഞ്ഞുമ്മൽ റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. അലോപ്പതി, ആയുർവേദം, ഹോമിയോ എന്നിങ്ങനെ ആരോഗ്യ മേഖലയിൽ നാടിൻ്റെ പൊതു താൽപര്യം മുൻനിർത്തി മികച്ച രീതിയിലാണ് നഗരസഭ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നഗരസഭയിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററാണിത്. ഒരു ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ്,  ഒരു മൾട്ടിപർപ്പസ് വർക്കർ, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം സെന്ററിൽ ലഭ്യമാകും. ഉച്ചയ്ക്ക് ഒന്ന്  മുതൽ വൈകിട്ട്  ഏഴു വരെയാണ് പ്രവർത്തന സമയം. രണ്ടാമത്തെ വെൽനസ് സെൻറർ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരസഭയിലെ വടക്കുംഭാഗം കിഴക്കുംഭാഗം മഞ്ഞുമ്മൽ പ്രദേശം എന്നീ മൂന്ന് മേഖലകളിലെ ജനങ്ങൾക്കും ചികിത്സാ സേവനം ലഭ്യമാകും.

നഗരസഭാ ചെയർമാൻ എ ഡി സുജിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി എ ഷെരീഫ്, വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ ടി എം ഷെനിൽ, ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എ ജെസ്സി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിസ്സി സാബു, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ മാഹിൻ, നഗരസഭ കൗൺസിലർമാരായ എസ് ഷാജി, ലീല ബാബു, ഫാമിലി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ. സമിതാ പടിക്കൽ, ഹെൽത്ത് ആന്റ് വെൽനസ് സെൻ്റർ ഡോ. ടി എസ് ഷഹാന, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ, ആശാപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here