തിരുവനന്തപുരം : ഭക്ഷ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന പാഴ്സൽ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉൾപ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 791 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. നിയമ ലംഘനം കണ്ടെത്തിയ 114 സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസും 44 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 120 സ്ഥാപനങ്ങൾക്ക് നേരെ അഡ്ജ്യൂഡിക്കേഷൻ നടപടി സ്വീകരിക്കും. ഗുരുതര നിയമ ലംഘനം കണ്ടെത്തിയ ആറ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർബന്ധമാക്കിയിരുന്നു. പല സ്ഥാപനങ്ങളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

 ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷണ പാഴ്സലുകൾ നൽകുന്ന ഭക്ഷ്യ സ്ഥാപനങ്ങൾ ഭക്ഷണത്തിന്റെ കവറിന് പുറത്ത് ഉപയോഗിക്കേണ്ട സമയ പരിധിയുൾപ്പടെ പ്രദർശിപ്പിക്കുന്ന സ്റ്റിക്കറോ ലേബലോ നിർബന്ധമായും പതിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദ്ദേശമുണ്ട്. പായ്ക്ക് ചെയ്യുന്ന തീയതിയും സമയവും, ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം എന്നിവ ലേബലിലുണ്ടാകണം. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളിൽ കഴിക്കണമെന്നാണ്.

 പാഴ്സൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച് ഉപഭോക്താക്കളും ജാഗ്രത പാലിക്കേണ്ടതാണ്. ലേബൽ പതിക്കാത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കാൻ ഉപഭോക്താക്കളും ശ്രദ്ധിക്കണം. സമയ പരിധി കഴിഞ്ഞ് കഴിക്കുന്ന പാഴ്സൽ ഭക്ഷണം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലേബൽ പതിക്കാതെയുള്ള പാഴ്സൽ വിൽപന നിരോധിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. അഡ്ജ്യൂഡിക്കേഷൻ നോട്ടീസ് നൽകിയ സ്ഥാപനങ്ങളുടെ തുടർ നടപടികൾ സ്വീകരിച്ച് ആർഡിഒ കോടതികൾ മുഖേന കേസുകൾ ഫയൽ ചെയ്യും.

 പരിശോധനകൾക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here