തിരുവനന്തപുരം:മാലിന്യം വലിച്ചെറിഞ്ഞ് വ്യത്തിഹീനമായിരുന്ന സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ സ്‌നേഹാരാമങ്ങളാക്കി മാറ്റി എൻഎസ്എസ് വിദ്യാർത്ഥികൾ. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളുടെ കീഴിൽ നടപ്പാക്കിയ പദ്ധതിയാണ് സ്നേ​ഹാരാമങ്ങൾ. മാലിന്യം വലിച്ചെറിയുന്നത് തടയുക, വൃത്തിയുള്ള പൊതുയിടങ്ങളുണ്ടാക്കുക, ശുചിത്വത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്.ആദ്യഘട്ടത്തിൽ 2740 സ്നേഹാരാമങ്ങൾ പൂർത്തിയായി, 260 എണ്ണം അന്തിമഘട്ടത്തിലാണ്.

 ഓരോ എൻ.എസ്.എസ് യൂണിറ്റും പൊതുജനങ്ങൾ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പ്രദേശമോ വൃത്തിഹീനമായി കിടക്കുന്ന പൊതുസ്ഥലമോ ഏറ്റെടുത്ത് മാലിന്യമുക്ത പ്രദേശമാക്കി, പൊതുജനങ്ങൾക്കു ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എൻ.എസ്.എസ് യൂണിറ്റുകൾ തങ്ങളുടെ തൊട്ടടുത്തുള്ള പൊതുസ്ഥലങ്ങളിലും, ദത്തുഗ്രാമങ്ങളിലും ആണ് സ്‌നേഹാരാമങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സഹകരണത്തിലാണ് പദ്ധതി പൂർത്തിയാക്കിയത്. പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വോളന്റിയർമാരുടെ സർഗ്ഗാത്മകത കാഴ്ച്ചവച്ചു കൊണ്ടാണ് പ്രദേശം സ്‌നേഹാരാമമായി മാറ്റിയെടുത്തത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ സ്‌നേഹാരാമങ്ങൾ യാഥാർത്ഥ്യമാക്കിയത്.മാലിന്യം വലിച്ചെറിയലിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ എൻ.എസ്.എസ് വോളന്റിയർമാരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുക. വിദ്യാലയങ്ങളെ മാതൃകാ ഹരിതസ്ഥാപനങ്ങളാക്കി മാറ്റുക, ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളെ കൃത്യമായി ഡോക്യുമെന്റ് ചെയ്യാനുള്ള നൈപുണ്യം വളർത്തലും പദ്ധതിയുടെ ഭാഗമാണ്. സംസ്ഥാനത്താകെ 3500 എൻ.എസ്.എസ്. യൂണിറ്റുകളുണ്ട്. കാമ്പയിനിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളും പദ്ധതിയുടെ ഭാ​ഗമായി നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here