Saturday, July 27, 2024
HomeLATEST NEWSമറ്റു വിഭാ​ഗങ്ങളുടെ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ ഭിന്നശേഷി സംവരണം ; മന്ത്രി ആർ...

മറ്റു വിഭാ​ഗങ്ങളുടെ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ ഭിന്നശേഷി സംവരണം ; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം : പിഎസ് സി മുഖേനയുള്ള നിയമനങ്ങളിൽ മുസ്ലീം വിഭാഗത്തിനോ മറ്റേതെങ്കിലും മതവിഭാഗത്തിനോ നിലവിലുള്ള സംവരണത്തിൽ ഒരു കുറവും വരാത്ത രീതിയിൽ മാത്രമേ ഭിന്നശേഷി സംവരണം നടപ്പാക്കൂ എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ ഏതെങ്കിലും വിഭാഗത്തിന് അർഹമായ സാമുദായിക സംവരണം കുറവ് വരുത്തുമെന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. ഇക്കാര്യത്തിൽ ഒരു സംവരണ വിഭാഗത്തിനും ആശങ്ക ഉണ്ടാകേണ്ടതില്ല – പി കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പുവരുത്തുമ്പോൾ നിലവിലുള്ള സാമുദായികസംവരണ തോതിൽ ഒരു കുറവും വരാതെ നടപ്പാക്കാൻ‍ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിലവിൽ നാലു ശതമാനം ഭിന്നശേഷിസംവരണം ഔട്ട് ഓഫ് ടേൺ ആയാണ് പബ്ലിക് സർവ്വീസ് കമീഷൻ നടപ്പാക്കുന്നത്. നിലവിലുള്ള സാമുദായിക സംവരണത്തെ ഇത് ബാധിക്കുന്നില്ല. 

സുപ്രീംകോടതി വിധിപ്രകാരം ഭിന്നശേഷി സംവരണം ഇൻ ടേൺ ആയി നടപ്പാക്കേണ്ടതുണ്ട്. ഇതിന് കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവ്വീസ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാലേ കഴിയൂ. ഇക്കാര്യം പിഎസ്സിയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, നിയമവകുപ്പ് എന്നീ വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തിയശേഷം പിഎസ്സിയുടെ ഉപദേശം തേടിയിരിക്കുകയാണ്.

ഇപ്രകാരം ഇൻ ടേൺ ആയി ഭിന്നശേഷി സംവരണം നടപ്പാക്കുമ്പോൾ ചട്ടഭേദഗതി പ്രാബല്യത്തിൽ വരും. ഈ വിഷയത്തിൽ നിലവിലുള്ള എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നെ പ്രസക്തിയുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ വ്യക്തതയുണ്ടാക്കുന്നതിന് സത്വരനടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments