തൃശ്ശൂർ: രണ്ടാം പിണറായി സർക്കാർ – രണ്ടരവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയ വിതരണം എന്ന ചരിത്രം ഫെബ്രുവരി മാസത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മുളയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി മാസത്തിൽ പട്ടയ വിതരണത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുപ്പതിനായിരം പട്ടയങ്ങൾകൂടി നൽകുമെന്ന് മന്ത്രി പറഞ്ഞു. വനഭൂമി പട്ടയ പ്രശ്നത്തെ ലഘൂകരിക്കാൻ സാധിച്ചതും സർക്കാരിൻ്റെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്. രണ്ടര വർഷത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ രണ്ടായിരത്തോളം വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിച്ചതും ചരിത്രത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. 

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ തള്ളിയ തൃശ്ശൂർ ജില്ലയിലെ 4500 ലേറെ അപേക്ഷകളിന്മേൽ വീണ്ടും സർവ്വേ നടത്തി പരിവേഷ് പോർട്ടലിൽ ഫെബ്രുവരി 15 നകം ഉൾപ്പെടുത്താനുള്ള ശ്രമവും നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.മുളയം സ്മാർട്ട് വില്ലേജ് ഓഫീസിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ കെ.കെ നാരായണനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. വില്ലേജ് ഓഫീസിന്റെ താൽക്കാലിക പ്രവർത്തനങ്ങൾക്ക് കെട്ടിടം സൗജന്യമായി നൽകിയ ഗ്രാമീണ കാർഷിക കാർഷികേതര സഹകരണ സംഘത്തിനും നിർമ്മിതി കേന്ദ്രത്തിനും മൊമെന്റോ നൽകി ആദരിച്ചു. 

ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ സ്വാഗതം ആശംസിച്ച ചടങ്ങിൽ നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഇ.എൻ സീതാലക്ഷ്മി, പി.കെ അഭിലാഷ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഐശ്വര്യ ലിൻ്റോ, തഹസിൽദാർ ടി. ജയശ്രീ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നിർമ്മിതി കേന്ദ്രം റീജ്യണൽ എഞ്ചിനീയർ എ.എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.

2021 – 22 പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് തൃശൂർ താലൂക്കിൻ്റെ കീഴിൽ വരുന്ന മുളയം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. നിലവിൽ തൃശൂർ താലൂക്കിൽ ഒല്ലൂക്കര, ആഞ്ഞൂർ, കുറുമ്പിലാവ്, നടത്തറ, മാന്ദാമംഗലം സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് പൊതുജനങ്ങൾക്കായി സമർപ്പിച്ചവ. എറവ്, ഇഞ്ചമുടി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് റവന്യൂ വകുപ്പ് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here